ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യം:  എ വിജയരാഘവന്‍

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും  ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനതയാകെ ഒന്നിക്കണമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ എ വിജയരാഘവന്‍ ആഹ്വാനം ചെയ്യുന്നു.

അധ്വാനിക്കുന്ന ജനതയുടെ ഐതിഹാസിക സമരമായി ആളിപ്പടരുകയാണ് കര്‍ഷകസമരം. തൊ‍ഴിലാളികളും കര്‍ഷകരും തമ്മിലുള്ള സമരൈക്യം മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെ വിറപ്പിച്ച് മുന്നോട്ട് പോകുകയാണ്. എന്നാല്‍ തങ്ങളാഗ്രഹിക്കുന്ന അജന്‍ഡ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തിയാല്‍ ജനാധിപത്യം തന്നെ ഇല്ലാതാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരുയര്‍ത്തുന്ന തിട്ടൂരം.

സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനതയാകെ ഒന്നിക്കണമെന്നും ദേശാഭിമാനിയിലെ നിലപാട് പംക്തിയില്‍ ഉള്‍ച്ചേര്‍ക്കുന്ന ലേഖനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കാര്‍ഷികമേഖലയെ ബഹുരാഷ്ട്രകുത്തകകള്‍ക്ക് തീറെ‍ഴുതാമെന്ന സംഘപരിവാര്‍ വ്യാമോഹത്തിനെതിരെ പത്തുമാസമായി ഇന്ത്യന്‍ കര്‍ഷകര്‍ സമരത്തിലാണ്. സമരത്തെയും വിയോജിപ്പുകളെയും നിഷ്പ്രയാസം അടിച്ചമര്‍ത്താമെന്ന ആര്‍എസ്എസ് ഉദ്ദേശത്തെ ചെറുത്താണ് ഇക്കാലമത്രയും അടിസ്ഥാനവര്‍ഗ സമരകാഹളം ഇന്ത്യയാകെ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്.

സമരം പൊളിക്കാനുള്ള മാധ്യമപ്രചാരവേലകളെ പോലും ജനങ്ങള്‍ എങ്ങനെയാണ് തള്ളിക്കളഞ്ഞതെന്നും എ വിജയരാഘവന്‍ ലേഖനത്തിലൂടെ വിശദമാക്കുന്നുണ്ട്. ഖലിസ്ഥാന്‍ വാദികളുടെയും മാവോയിസ്റ്റുകളുടെയും ദേശവിരുദ്ധശക്തികളുടെയും സമരമാണെന്ന ദുരാരോപണം രാഷ്ട്രീയക്കൊടികളുടെ നിറഭേദങ്ങള്‍ക്കും സാംസ്കാരികവൈജാത്യങ്ങള്‍ക്കും മേലെയുയര്‍ന്ന സമരസംഘാടനത്തിലാണ് ഇന്ത്യ മറികടന്നത്.

ലഘിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും വിജയരാഘവന്‍ പറഞ്ഞുവയ്ക്കുന്നു. ഹിറ്റ്ലറെയും മുസോളിനിയെയും മാതൃകയാക്കുന്നവര്‍ക്ക് അധികാരം കിട്ടിയാല്‍ ഇതു ഇതിലധികവും സംഭവിക്കും. എന്നാല്‍ കര്‍ണാലിലും മുസഫര്‍ നഗറിലും നടന്ന മഹാപഞ്ചായത്തുകളിലും രാജ്യമാകെ ഒന്നിച്ച ഭാരത് ബന്ദിലും പ്രകടമായത് ഈ ഫാസിസത്തെ ജനത ചെറുക്കുമെന്ന് തന്നെയാണെന്നും എ വിജയരാഘവന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

കര്‍ഷകമാഹാസമരത്തിനൊപ്പം കേന്ദ്രസര്‍ക്കാരിന്‍റെ ജനാധിപത്യധ്വംസനത്തിനെതിരെയും പോരാട്ടം സംയോജിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് എ വിജയരാഘവന്‍ ദേശാഭിമാനി ലേഖനം ഉപസംഹരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News