പ്രേതബാധ ഒഴിപ്പിക്കാന്‍ സ്വര്‍ണമാലയില്‍ ആവാഹനം; നാലുപവനുമായി വ്യാജ മന്ത്രവാദി മുങ്ങി

പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ പേരില്‍ മോഷണം നടത്തിയതിനേത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അധ്യാപിക തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കാണാറ് പതിവായിരുന്നു. ഇത് മാറ്റാനായി പ്രേതാനുഭവങ്ങള്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദുര്‍മന്ത്രവാദിയുമായി പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയില്‍ റിസര്‍ച്ച് ഫെല്ലോ ആണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പ്രേതബാധ ഒഴിപ്പിക്കുന്നതിന് ഇയാള്‍ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തിയിരുന്നു.

തുടര്‍ന്ന് ബാധ ആവാഹിക്കാനെന്നുപറഞ്ഞ് ഇയാള്‍ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡപ്പിയില്‍ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വയ്ക്കാന്‍ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ധരിപ്പിച്ചു.

നാലുദിവസംകഴിഞ്ഞ് ഡപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെ കണ്ട് ചോദിച്ചിട്ട് ആകാമെന്ന് ഇയാള്‍ അറിയിച്ചു. സംശയംതോന്നിയ വീട്ടമ്മ ഡപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന്, കോട്ടയം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു.

തര്‍ക്കങ്ങളില്‍ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരില്‍നിന്നും പണംതട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂര്‍ സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News