‘ഓ നീ വണ്ണം കുറഞ്ഞല്ലോ നന്നായി, നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?’; ബുളീമിയയെ അതിജീവിച്ച് നടി പാര്‍വതി

ഒരാളുടെ ശരീരത്തെ വർണിക്കുന്നതിൽ പ്രത്യേക താല്പര്യമുള്ളവരും അതിൽ ആനന്ദം കണ്ടെത്തുന്നവരുമുണ്ട് നമുക്ക് ചുറ്റും. നിറം, വണ്ണം തുടങ്ങിയ ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്ക് വിധേയരാകുന്നവരുണ്ട്. അത്തരത്തിൽ മറ്റൊരാള്‍ പറയുന്ന കമന്റുകള്‍ എങ്ങനെയാണ് ഒരു വ്യക്തിയെ ബാധിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. മറ്റുള്ളവരുടെ കമന്റുകള്‍ ബുളീമിയയെന്ന രോഗത്തിലേക്ക് തന്നെ എത്തിച്ചതിനെ കുറിച്ചാണ് പാര്‍വതി പറയുന്നത്.

ശരീരത്തെകുറിച്ചുള്ള അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചത്. അങ്ങനെ എത്തിച്ചേര്‍ന്ന ബുളീമിയ രോഗത്തില്‍ നിന്ന് പുറത്തുവരാൻ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്നും വീണ്ടും ചിരിക്കാൻ തുടങ്ങിയെന്നും പാര്‍വതി പറയുന്നു. ‌ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പാർവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ചിരിക്കുമ്പോൾ തന്റെ കവിൾ വീർക്കുന്നതിനെക്കുറിച്ചും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചുമൊക്കെ നിരന്തരം കമന്റുകൾ കേട്ടിരുന്നുവെന്നാണ് പാർവതി പറയുന്നത്. പലരും അത് ഉചിതമാണെന്നും തമാശയാണെന്നുമൊക്കെ കരുതിയാണ് പറഞ്ഞിരുന്നതെന്നും എന്നാൽ അനുഭവസ്ഥ എന്ന നിലയിൽ അത് തന്നെ ബുളീമിയയിലേക്ക് എത്തിക്കുകയും ചെയ്തതിനെക്കുറിച്ച് കുറിക്കുകയാണ് പാർവതി.

പാർവതിയുടെ കുറിപ്പ് വായിക്കാം…

വർഷങ്ങളോളം ഞാൻ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ചിരിക്കുമ്പോൾ എന്റെ കവിളുകൾ വീർത്തുവരുന്നതിനെക്കുറിച്ച് നിരന്തരം പറയുന്നത് ഉചിതമാണെന്ന് കരുതുന്നവരായിരുന്നു കൂടെ ജോലി ചെയ്തിരുന്നവർ. എന്റെ താടിയെല്ലിന് അവർ ആ​ഗ്രഹിക്കുന്ന ആകൃതിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ ചിരിക്കുന്നതേ നിർത്തി. ജോലിസ്ഥലത്തും മറ്റു പരിപാടികളിലും ഞാൻ തനിച്ചിരുന്ന് കഴിക്കാൻ തുടങ്ങി. കാരണം എന്റെ പാത്രത്തിൽ എത്ര ഭക്ഷണമെടുത്തെന്ന് പറയാൻ കുറച്ചുപേർ എപ്പോഴുമുണ്ടാവും. ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചു കഴിക്കൂ എന്നു വരെ പറയാൻ മുതിരും. പിന്നീടൊരിക്കലും അടുത്ത വായ എനിക്ക് കഴിക്കാൻ കഴിയില്ല.

അവസാനം കണ്ടതിനേക്കാൾ കൂടുതൽ വണ്ണം വച്ചോ? കുറച്ചുകൂടി മെലിയണം, ഓ നീ വണ്ണം കുറഞ്ഞല്ലോ നന്നായി, നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ? നീ അതും കഴിക്കാൻ പോവുകയാണോ? നീ ഒരു ചപ്പാത്തി അധികം കഴിച്ചുവെന്ന് ഞാൻ ഡയറ്റീഷ്യനോട് പറയും, മരിയാൻ സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നതുപോലെ വണ്ണം കുറച്ചൂടേ?
ഞാൻ നല്ലതിനു വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുക്കാൻ പഠിക്കൂ തുടങ്ങിയ കമന്റുകൾ കേൾക്കാത്ത ചെറിയൊരു ഭാ​ഗംപോലും എന്റെ ശരീരത്തിലില്ല.

അത്തരം കമന്റുകളെല്ലാം കേൾക്കവേ പതിയേ ഞാനും സ്വയം അത്തരം കമന്റുകൾ പറഞ്ഞുതുടങ്ങി. അതിന് ഞാൻ ആത്മാർഥമായി ഖേദിക്കുന്നു. ഞാൻ എത്രയൊക്കെ എന്നെ ഇവയിൽ നിന്നെ‌ല്ലാം സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ വാക്കുകൾ ഉള്ളിൽ കയറിപ്പറ്റും. വൈകാതെ തന്നെ ഞാൻ ബുളീമിയയുടെ തീവ്രാവസ്ഥയിലേക്ക് എത്തപ്പെട്ടു.

കുറച്ചു നല്ല സുഹൃത്തുക്കളുടെയും ഫിറ്റ്നസ് കോച്ചിന്റെയും തെറാപ്പിസ്റ്റിന്റെയും പിന്തുണയോടെയാണ് ഞാൻ വീണ്ടും തുറന്നു ചിരിക്കാൻ തുടങ്ങിയത്. നിങ്ങൾക്കും ഒപ്പം മറ്റുള്ളവർക്കുമുള്ള ഇടം നൽകൂ. മറ്റുള്ളവരുടെ ശരീരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ തമാശകളും കമന്ററികളും അഭിപ്രായങ്ങളുമൊക്കെ അവ എത്ര നല്ലത് ഉദ്ദേശിച്ചു പറയുകയാണെങ്കിലും വേണ്ടെന്നു വെക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News