കൈവിട്ടെന്ന് കരുതിയ ജോലി തിരികെ കിട്ടി; ശ്രീജയ്ക്കിത് സ്വപ്ന സാക്ഷാത്കാരം 

കൈവിട്ടു പോയെന്നു കരുതിയ അർഹതപ്പെട്ട ജോലി തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രീജ. വ്യാജ സമ്മത പത്രത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ട മല്ലപ്പള്ളി സ്വദേശിനി ശ്രീജയ്ക്ക് അവസരം പി എസ് സി തിരികെ നൽകിതോടെയാണ് ശ്രീജയുടെ സ്വപ്നം യാഥാര്‍ഥ്യമായത്.

കോട്ടയത്തെ പി എസ് സി ഓഫീസിൽ വച്ച് ശ്രീജയ്ക്ക് പുതിയ അഡ്വൈസ് മെമ്മോ നൽകി. സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി വേണ്ടെന്നു പറഞ്ഞു മറ്റൊരാൾ വ്യാജ സമ്മതപത്രം നൽകിയതിന്റെ പേരിലാണ് ശ്രീജയ്ക്ക്‌ ജോലിക്കുള്ള അവസരം നഷ്ടമായത്.

സിവിൽ സപ്ലൈസ് വകുപ്പിൽ അസിസ്റ്റന്റ് സെയിൽസ്മാൻ പോസ്റ്റിലേക്കുള്ള പരീക്ഷയെഴുതിയ മല്ലപ്പള്ളി സ്വദേശിനി ശ്രീജ റാങ്ക് ലിസ്റ്റ് ഇടംപിടിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജോലി വേണ്ടെന്ന് കാട്ടി ശ്രീജയുടെ പേരിൽ വ്യാജ സമ്മതപത്രം പി എസ് സി ഓഫീസിലേക്ക് ലഭിച്ചു.

സംഭവത്തിൽ ശ്രീജ പി എസ് സി ക്ക് പരാതി നൽകി. തുടർന്ന് പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ശ്രീജ അല്ല സമ്മതപത്രം നൽകിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ പിഎസ്സി തീരുമാനിച്ചത്.

പാമ്പാടി, കോത്തല, പുത്തൻപുരയിൽ സോമൻ നായരുടെയും ശോഭനയുടെ രണ്ട് പെൺമക്കളിൽ മൂത്തവളാണു എസ്. ശ്രീജ. സ്കൂൾ പഠനം ആലമ്പള്ളി സ്കൂളിലും ബിരുദ പഠനം വാഴൂർ എസ്ആർവി എൻഎസ്എസ് കോളജിലും ആയിരുന്നു.

ബിഎസ്സി ബോട്ടണി പാസായ ശേഷം സാമ്പത്തിക പ്രയാസം മൂലം മുന്നോട്ടു പഠിക്കാൻ നിവൃത്തി ഇല്ലാതെ പഠനം നിർത്തി. കൂലിപ്പണി ആയിരുന്നു സോമൻ നായരുടെ തൊഴിൽ. ശോഭന തൊഴിലുറപ്പിനു പോകും. വല്ലപ്പോഴും മാത്രമായിരുന്നു തൊഴിൽ ലഭിച്ചിരുന്നത്. ഷീറ്റിട്ട 2 മുറി വീട്ടിൽ പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞപ്പോഴും സർക്കാർ ജോലി ലഭിക്കുക എന്നതായിരുന്നു ശ്രീജയുടെ സ്വപ്നം.

ഇതിനായി കുറച്ചുനാൾ ഒരു കോച്ചിങ് സെന്ററിൽ പഠിക്കാൻ പോയി. എന്നാൽ എല്ലാമാസവും ഫീസ് കൊടുക്കാനും വണ്ടിക്കൂലിക്കു പണം തികയാതെ വന്നതോടെ കോച്ചിങ് ക്ലാസിലെ പഠനം നിർത്തി വീട്ടിൽ ഇരുന്ന് പഠനം തുടർന്നു. ഇതിനിടെ പത്തനംതിട്ട മല്ലപ്പള്ളി, കുളത്തൂർ ചെറിയമുളയ്ക്കൽ സുരേഷുമായി വിവാഹം നടന്നു. കൂലിപ്പണിയാണ് സുരേഷിന്റെ തൊഴിൽ. പ്ലസ് ടു വിദ്യാർഥിനിയായ ദേവിക സുരേഷും 7-ാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണനും കൂടാതെ സുരേഷിന്റെ പിതാവ് രാമകൃഷ്ണ കാൻസർ രോഗിയായ അമ്മ കമലാക്ഷിയും അടങ്ങുന്നതാണ് കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here