ലഖീംപൂര്‍ സംഭവം; കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച, പ്രതിയെ ഉടന്‍ പിടികൂടണം, യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കൊലക്കേസ് പ്രതിയായ ആശിഷ് മിശ്രയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുകയാണ് എന്നും അന്വേഷണം കാര്യക്ഷമമല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പൊലീസും സർക്കാരും ഉത്തരവാദിത്വം കാണിക്കണമെന്നും പ്രതികളെ നോക്കുമ്പോൾ സിബിഐ അന്വേഷണം മതിയാകില്ല എന്നും കോടതി പറഞ്ഞു. പൂജ അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപായി ശക്തമായ നടപടി സ്വീകരിക്കാനും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതിയായ മന്ത്രി പുത്രൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്നാണ് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് ഉത്തർപ്രദേശ് സർക്കാരിന് എതിരെ ആഞ്ഞടിച്ചത്.

കൊലക്കേസിലെ മറ്റ് പ്രതികൾക്ക് ഇല്ലാത്ത പരിഗണന ആശിഷ് മിശ്രയ്ക്ക് എന്തിന് നൽകുന്നു എന്നും കോടതി ചോദിച്ചു. ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നൽകിയതാണെന്ന് ഉത്തർ പ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെ കോടതിയെ അറിയിച്ചപ്പോ‍ഴാണ് കോടതിയുടെ വിമർശനം.

ഗുരുതരമായ കേസ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ ഉത്തർ പ്രദേശ് സർക്കാരിന് വീഴ്ച പറ്റി എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വിമർശിച്ചു. ഇതിലൂടെ എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങൾക്ക് നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് പേരുടെ ജീവനെടുത്ത ക്രൂരമായ നരഹത്യ ആണ് നടന്നത് എന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് സൂര്യകാന്ത് ഓർമിപ്പിച്ചു. കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണം എന്നും കോടതി നിർദ്ദേശിച്ചു.

നിലവിൽ നടക്കുന്ന അന്വേഷണത്തിലും ഇതിനായി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലും കോടതി അതൃപ്തി അറിയിച്ചപ്പോൾ കേസ് വേണമെങ്കിൽ കോടതിക്ക് സിബിഐയെ എൽപ്പിക്കാം എന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ അറിയിച്ചു. ഈ കേസിൽ സിബിഐ അന്വേഷണം പോരാ എന്നും വേറെ ഒരു സംവിധാനത്തെ എൽപ്പിക്കേണ്ടി വരുമെന്നും കോടതി വിലയിരുത്തി.

ദസറ അവധിക്ക് ശേഷം കോടതി ചേരുന്ന ഒക്ടോബർ ഇരുപതിന് ആദ്യ കേസുകളിൽ ഒന്നായി പരിഗണിക്കും. ഇതിനുള്ളിൽ അന്വേഷണത്തിൽ ശക്തമായ നടപടി വേണമെന്നു ഓർമിപ്പിച്ച കോടതി ഉറപ്പുകൾ വാക്കിൽ ഒതുങ്ങരുത് എന്നും മുന്നറിയിപ്പ് നൽകി. അതേസമയം ആശിഷ് മിശ്രയെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ് എന്നും ആശിഷിനെ നാളെ ഹാജരാക്കുമെന്നും ആശിഷ് മിശ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News