ADVERTISEMENT
വനമേഖലയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാടുകള്‍ വ്യവസായ ആവശ്യത്തിനാണെന്ന ധാരണയോടെ പെരുമാറുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കേണ്ടിയിരിക്കുന്നു.വന്യജീവികളും വനവും നാടിന്റെ അമൂല്യ സമ്പത്തുകളാണ്. അതിനെ ചൂഷണം ചെയ്യുന്ന സ്ഥിതി ഉണ്ടാകുമ്പോഴാണ് പ്രകൃതി ദുരന്തമുള്‍പ്പെടെ ഉണ്ടാകുന്നത്.
സര്‍വ്വ നാശത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും മനുഷ്യന്‍ മാറി ചിന്തയ്ക്കാന്‍ തുടങ്ങിയെന്നത് ആശ്വാസകരമാണ്. മനുഷ്യനും പ്രകൃതിയും ഒന്നിച്ചു പോകുന്ന പുതിയ സംസ്‌കാരത്തിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. വനത്തെയും വന്യജീവികളെയും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ഇതിനായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അനുകൂലമായ നടപടികള്‍ക്കാണ് വനം വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം വന്യജീവികളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തവും വനം വകുപ്പ് നിര്‍വ്വഹിക്കുന്നുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വനം വകുപ്പ് മേധാവി പി കെ കേശവന്‍ വ്യക്തമാക്കി.
അതേസമയം, വന്യജീവി സംരക്ഷണം വിജയകരമായി നടപ്പാക്കിയതിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങളാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വനം വകുപ്പ് ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ.അമിത് മല്ലിക് ആശംസകള്‍ അര്‍പ്പിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്വാഗതവും സിസിഎഫ് പ്രമോദ് പി.പി കൃതജ്ഞതയുമര്‍പ്പിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി റെനി പിള്ള വന്യജീവിവാരാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ടെക്നിക്കല്‍ സെഷനില്‍ പരിസ്ഥിതി സംരക്ഷണം കേരളത്തിലും ഇന്ത്യയിലും എന്ന വിഷയത്തില്‍ എം.കെ രഞ്ജിത് സിംഗ് ഝാല പ്രഭാഷണം നടത്തി. സി.സി.എഫ് പ്രമോദ് പി.പി സ്വാഗതവും പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി സുനില്‍ബാബു കൃതജ്ഞതയുമര്‍പ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.