വിശ്വമാനവികതയുടെ മഹാ വിപ്ലവ സൂര്യൻ രക്തസാക്ഷിയായിട്ട് 54 വർഷം

വിശ്വ വിപ്ലവകാരി ചെഗുവേരയുടെ 54-ാം രക്തസാക്ഷി ദിനമാണിന്ന് . മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി സഖാവ് ഇന്നും ജ്വലിച്ചു നിൽക്കുന്നു. ചെഗുവേരയുടെ ഉജ്ജ്വല സ്മരണ, സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമാണ്.

ഏണസ്റ്റോ ചെഗുവേര അത് ലോകത്തിന് വെറുമൊരു പേര് മാത്രമല്ല .40 വർഷം മാത്രം നീണ്ടു നിന്ന ജീവിതത്തിനിടയിൽ ലോകസാമ്രാജ്യത്തെ വിറപ്പിച്ച വിശ്വ വിമോചന പോരാട്ടത്തിന്‍റെ പ്രതി രൂപം കൂടി ആയിരുന്നു അയാൾ. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം ജയിച്ച് ബൊളിവിയൻ പോരാട്ടത്തിനിടയിൽ ലോകത്തിന്‍റെ രക്തസാക്ഷിയായി മാറിയ ചെയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 54 വർഷം പിന്നിടുന്നു.

1964 ഡിസംബർ 11 ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ സമ്മേളനത്തിൽ ചെ പ്രസംഗിച്ചുകൊണ്ടിരിക്കെ അയാൾക്ക് നേരെ വന്ന വെടിയുണ്ടകൾ ചെഗുവേര എന്ന മനുഷ്യനെ ലോക സാമ്രാജ്യത്വം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിൻറെ ഉദാഹരണമായിരുന്നു.

എനിക്കറിയാം നിങ്ങളെന്നെ വെടിവയ്ക്കാൻ പോവുകയാണ്. ഞാൻ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദെലിനോട് പറയൂ ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്. കുട്ടികളെ നന്നായി പഠിപ്പിക്കുക, സൈനികരോട് നന്നായി ഉന്നംപിടിക്കാനും പറയുക ,നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത് . ഇതായിരുന്നു ആ മഹാ വിപ്ലവകാരി താൻ കൊല്ലപ്പെടും മുന്പ് പറഞ്ഞ അവസാനവാക്കുകൾ.

താൻ കൊല്ലപ്പെടാൻ പോകുന്നു എന്നുറപ്പിച്ച നിമിഷത്തിലും ചെ അവസാനമായി ആവശ്യപ്പെട്ടത് അമേരിക്കൻ കൂലിപ്പട്ടാളം തന്നെ ബന്ധിയാക്കി വെച്ച സ്കൂളിലെ അധ്യാപികയെ കാണണമെന്നായിരുന്നു. അവരോട് സംസാരിച്ചതാകട്ടെ സ്കൂളിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും .

സാധാരണക്കാരനെ അടിമകളാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം മാത്രമായിരുന്നില്ല ചെയുടെ ജീവിതം .വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും പുതുയുഗത്തിനുവേണ്ടി ജീവിതം സമർപ്പിക്കാനും ചെയെന്ന വിപ്ലവകാരി ഒരു തരിമ്പ് പോലും മടിച്ചു നിന്നില്ല .അതുകൊണ്ട് തന്നെയാണ് ലോകജനതയുടെ മനസ്സിൽ ആളിപ്പടരുന്ന തീപ്പന്തമായി ചെഗുവേര ഇന്നും ജ്വലിച്ചു നിൽക്കുന്നത്.

വിശ്വമാനവികതയുടെ മഹാ വിപ്ലവ സൂര്യൻ രക്തസാക്ഷിയായിട്ട് 54 വർഷം പിന്നിടുമ്പോഴും ഇന്നും ലോകത്തെ കൗമാരക്കാരുടെയും യൗവ്വനങ്ങളുടെയും ത്രസിപ്പിക്കുന്ന വികാരമായി ഇപ്പൊഴും ജീവിക്കുകയായണ് സഖാവ് ചെ . ചെഗുവേര ഒരു വികാരമാണ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അറിഞ്ഞു തുടങ്ങും മുൻപേ മതിലിലും മരത്തിലും റോഡിലും പോസ്റ്റിലും കണ്ടു തുടങ്ങിയ കൗതുകം പിന്നീട് ഞരമ്പുകളിൽ തിളച്ച് മറിയുന്ന വികാരം .വിശ്വ മാനവികതയുടെ വിമോചനത്തിന്റെ കത്തിപടരുന്ന ആൾ രൂപം. യൗവ്വനങ്ങളിലെ എരിഞ്ഞു കത്തുന്ന പ്രതിരൂപം.

ഒറ്റയ്ക്കൊരു യാത്രയിൽ ലോകം കീഴടക്കാൻ തോന്നുന്ന മനോധൈര്യം. അതുകൊണ്ട് തന്നെയാണ് സാമ്രാജ്യത്വത്തിന്‍റെ വിരിമാറിലേക്ക് നിറയൊഴിക്കാൻ തോക്കുയർത്തി നിൽക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമാകുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News