‘ ചെ ‘ യുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു; എം എ ബേബി

കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകൾ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. ആളിക്കത്തുകയും അമർന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമർപ്പിച്ച സ്വന്തം ജീവനാണെന്ന് എം എ ബേബി കുറിച്ചു.

വിജയം വരെയും അല്ലെങ്കിൽ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ചയം അദ്ദേഹത്തിൻറെ രക്തസാക്ഷി ദിനത്തിൽ, കർഷകർ നടത്തുന്ന സമരങ്ങൾക്ക് കരുത്തും ആവേശവും പകരുമെന്ന് എം എ ബേബി അഭിപ്രായപ്പെട്ടു.

എം എ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;

പുതിയലോകത്തിന്റെ വിപ്ലവ നക്ഷത്രമായ ചെഗുവേര എന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെർനയുടെ 54 -ാം രക്തസാക്ഷിദിനമാണ് ഒക്ടോബർ 9. അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ വിമോചനനേതാവും ആയിരുന്നു ചെഗുവേര.

ഫിദൽ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതൃത്വത്തിലുണ്ടായിരുന്ന ചെ അടിച്ചമർത്തുന്ന ജനവിരുദ്ധഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു.അതേസമയം നിയമവിധേയസമരങ്ങൾക്ക് എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും ചെ തറപ്പിച്ചുപറഞ്ഞു.

വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി അടിസ്ഥാന സാമൂഹിക വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു.

1956ൽ മെക്‌സികോയിലായിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്‌ട്രോയുടെ വിപ്ലവ കൂട്ടായ്മയായ ജൂലൈ 26 പ്രസ്ഥാനം എന്ന മുന്നേറ്റസേനയിൽ ചേർന്നു. തുടർന്നുള്ള വിപ്ലവ ജീവിതം നമ്മുടെകാലഘട്ടത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്രത്തിന്റഭാഗമാണല്ലോ. ക്യൂബൻ വിമോചനത്തിനുശേഷം 7 വർഷങ്ങൾമാത്രമേ ചെ അവിടെ കേന്ദ്രീകരിക്കുകയുണ്ടായുള്ളു.

1966 ൽ ഹവാനയിൽചേർന്ന ‘ഏഷ്യ ,ആഫ്രിക്ക ,ലാറ്റിൻ അമേരിക്ക’ എന്നീ ഭൂഖണ്ഡങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ ‘ട്രൈകോൺടിനെന്റൽ ‘ എന്ന സമ്മേളനത്തിനയച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. വിയത്റ്റ്നാം വിമോചനപ്പോരാട്ടം കൊടുമ്പിരിക്കൊണ്ടിരുന്ന അന്ന് ‘ രണ്ടോ മൂന്നോ , അതല്ലയെങ്കിൽ അസഖ്യം വിയത്റ്റ്നാമുകളോ സൃഷ്ടിക്കണം ‘ എന്ന ലക്ഷ്യം ആണ് ചെ സന്ദേശത്തിലൂടെ നൽകിയത്. അത് പ്രാവർത്തികമാക്കാൻ ക്യൂബൻ ഭരണത്തിലെപ്രധാനഉത്തരവാദിത്വങ്ങൾ മറ്റുള്ളവർക്ക് കൈമാറി ,ആധുനികബുദ്ധനെപ്പോലെ ചെ , വിമോചനപ്പോരാട്ടഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചു .

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയൻ സേന നടത്തിയ ഒരു ആക്രമണത്തിൽ 1967 ഒക്ടോബർ 8ന് പിടിയിലായ ചെയെ തൊട്ടടുത്തദിവസം -9ന് വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ നിഷ്ഠൂരമായി വധിച്ചു.
കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകൾ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു .

ആളിക്കത്തുകയും അമർന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമർപ്പിച്ച സ്വന്തം ജീവനാണ്.
മരണത്തെ എപ്പോഴും മുഖാമുഖം കണ്ട ചെ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല,പകരം അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാൻ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങൾ എടുത്തുയർത്താൻ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തിൽ യന്ത്രതോക്കുകളുടെ നിർഘോഷം കലർത്താൻ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിൻറെയും സമരത്തിൻറെയും പുത്തൻ ഘോഷങ്ങൾ ഉയരണം”.
ചെയുടെ ഈ വാക്കുകൾക്ക് വർത്തമാനകാല ഇന്ത്യയിൽ വളരെയധികം പ്രസക്തിയുണ്ട്.

ഇന്ത്യയിലെ കർഷകർ ബിജെപി സർക്കാരിൻറെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായി കഴിഞ്ഞ ഒരു വർഷമായി തെരുവിൽ പ്രക്ഷോഭത്തിലാണ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആണ് ,ഒരു കേന്ദ്രമന്ത്രിയുടെ മകൻ , സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി നിരവധി കർഷകരെ കൊലപ്പെടുത്തിയത്.എന്നാൽ ഇത്തരം ഭീഷണികളിൽ ഒന്നും പതറാതെ ഇന്ത്യയിലെ കർഷകർ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ്.

വിജയം വരെയും അല്ലെങ്കിൽ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ഛയം അദ്ദേഹത്തിൻറെ രക്തസാക്ഷി ദിനത്തിൽ കർഷകർ നടത്തുന്ന ഈ സമരങ്ങൾക്ക് കരുത്തും ആവേശവും പകരും.ലോകത്തിൻറെ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ🌹🌹🌹

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News