സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 42 റണ്‍സ് വിജയം

2021 ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 42 റൺസ് വിജയം. മുംബൈ ഉയർത്തിയ 236 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൺറൈസേഴ്‌സിന് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനേ സാധിച്ചുള്ളൂ.

സൺറൈസേഴ്‌സിനെ ചുരുങ്ങിയത് 171 റൺസിനെങ്കിലും തോൽപ്പിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ നിലവിലെ ചാമ്പ്യന്മാർക്ക് അത് സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു. ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് പടുകൂറ്റൻ സ്‌കോർ സമ്മാനിച്ചത്. സൺറൈസേഴ്‌സിന് വേണ്ടി നായകൻ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്തു.

236 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും അഭിഷേക് ശർമയും നൽകിയത്. 4.3 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 64-ൽ നിൽക്കേ അപകടകാരിയായ ജേസൺ റോയിയെ മടക്കി ട്രെന്റ് ബോൾട്ട് സൺറൈസേഴ്‌സിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 21 പന്തുകളിൽ നിന്ന് 34 റൺസെടുത്ത താരത്തെ ബോൾട്ട് ക്രുനാൽ പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായില്ല. അപ്പോഴേക്കും മുംബൈ പ്ലേ ഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്‌സ് ഒരുവിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തു. എന്നാൽ ഏഴാം ഓവറിൽ നന്നായി കളിച്ചുതുടങ്ങിയ അഭിഷേക് ശർമയെ പുറത്താക്കി ജിമ്മി നീഷാം സൺറൈസേഴ്‌സിന്റെ രണ്ടാം വിക്കറ്റെടുത്തു. 16 പന്തുകളിൽ നിന്ന് 33 റൺസാണ് താരമെടുത്തത്. പിന്നാലെ വന്ന മുഹമ്മദ് നബി നിരാശപ്പെടുത്തി. വെറും 3 റൺസ് മാത്രമെടുത്ത താരത്തെ പീയുഷ് ചൗള പുറത്താക്കി. നബിയ്ക്ക് ശേഷം വന്ന അബ്ദുൾ സമദിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ടുറൺസെടുത്ത താരത്തെ നീഷാം പുറത്താക്കി.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തളരാതെ പിടിച്ചുനിന്ന നായകൻ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്ത് ടീം സ്‌കോർ ഉയർത്തി. പ്രിയം ഗാർഗ് കൂടി ക്രീസിലെത്തിയതോടെ സൺറൈസേഴ്‌സ് സ്‌കോർ കുതിച്ചു. 14.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു. എന്നാൽ ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളിൽ നിന്ന് 29 റൺസെടുത്ത പ്രിയം ഗാർഗിനെ പുറത്താക്കി ബുംറ സൺറൈസേഴ്‌സിന്റെ അഞ്ചാം വിക്കറ്റെടുത്തു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ സൺറൈസേഴ്‌സ് പതറി. ഹോൾഡറും (1), റാഷിദും (9), സാഹയും (2) നിരാശപ്പെടുത്തി. മറുവശത്ത് അർധസെഞ്ചുറിയുമായി പൊരുതി മനീഷ് പാണ്ഡെ ടീമിനെ മികച്ച നിലയിലെത്തിച്ചു. 41 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ മനീഷ് 69 റൺസെടുത്ത് പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി നീഷാം, ബുംറ, കോൾട്ടർ നൈൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റ് സ്വന്തമാക്കി.കൂറ്റൻ വിജയം മാത്രം ലക്ഷ്യം വെയ്ക്കുന്ന മുംബൈ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. 84 റൺസ് നേടിയ ഇഷാൻ കിഷനും 82 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് മുംബൈ ഈ മത്സരത്തിലൂടെ കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. കിഷൻ ആക്രമിച്ച് കളിച്ചു. ആദ്യ നാലോവറിൽ ടീം സ്‌കോർ 63 കടന്നു. ഒപ്പം കിഷൻ അർധസെഞ്ചുറിയും നേടി. വെറും 16 പന്തുകളിൽ നിന്നാണ് കിഷൻ അർധശതകം കണ്ടെത്തിയത്.

എന്നാൽ ഈ മത്സരത്തിലും വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാതിരുന്ന രോഹിത് ശർമ ആറാം ഓവറിൽ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 13 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ വിക്കറ്റിൽ കിഷനൊപ്പം 80 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മുംബൈ ഇന്ത്യൻസ് നായകൻ ക്രീസ് വിട്ടത്. ബാറ്റിങ് പവർപ്ലേയിൽ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്തു. 7.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. രോഹിതിന് പകരം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. വെറും 10 റൺസ് മാത്രമെടുത്ത താരത്തെ ജേസൺ ഹോൾഡർ ജേസൺ റോയിയുടെ കൈയ്യിലെത്തിച്ചു.

തൊട്ടുപിന്നാലെ ഇഷാൻ കിഷനെയും പുറത്താക്കി സൺറൈസേഴ്‌സ് മത്സരത്തിൽ പിടിമുറുക്കി. ഉമ്രാൻ മാലിക്കിന്റെ അതിവേഗ പന്തിൽ ഓഫ് സൈഡിലേക്ക് സിക്‌സ് നേടാനുള്ള കിഷന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പർ സാഹയുടെ കൈയ്യിലെത്തി. 32 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 84 റൺസെടുത്ത ശേഷമാണ് കിഷൻ ക്രീസ് വിട്ടത്.

പിന്നാലെ വന്ന പൊള്ളാർഡിനും പിടിച്ചുനിൽക്കാനായില്ല. വെറും 13 റൺസ് മാത്രമെടുത്ത താരത്തെ അഭിഷേക് ശർമ ജേസൺ റോയിയുടെ കൈയ്യിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കുംമുൻപ് ജിമ്മി നീഷാമിനെ പുറത്താക്കി അഭിഷേക് മുംബൈ ബാറ്റിങ് നിരയെ തകർത്തു. ഇതോടെ മുംബൈ 151 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി.

എന്നാൽ പൊള്ളാർഡ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത സൂര്യകുമാർ യാദവ് മുംബൈ സ്‌കോർ ഉയർത്തി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. പൊള്ളാർഡിന് പകരം ക്രീസിലെത്തിയ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് മാത്രമെടുത്ത താരത്തെ റാഷിദ് ഖാൻ മുഹമ്മദ് നബിയുടെ കൈയ്യിലെത്തിച്ചു.

വൈകാതെ സൂര്യകുമാർ 24 പന്തുകളിൽ നിന്ന് അർധശതകം കണ്ടെത്തി. മനോഹരമായ ഷോട്ടുകൾ കൊണ്ട് സൂര്യകുമാർ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ മറ്റ് ബാറ്റ്‌സ്മാർക്കൊന്നും വേണ്ടത്ര മികവ് പുലർത്താനായില്ല. ഈ മത്സരത്തിലൂടെ സൂര്യകുമാർ ട്വന്റി 20 യിൽ 4000 റൺസ് മറികടന്നു.

അവസാന ഓവറുകളിൽ സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീം സ്‌കോർ 200 കടത്തിയത്. നഥാൻ കോൾട്ടർ നൈലും (3) പീയുഷ് ചൗളയുമെല്ലാം (0) അതിവേഗത്തിൽ മടങ്ങിയെങ്കിലും സൂര്യകുമാറിന്റെ ചെറുത്തുനിൽപ്പ് മുംബൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചു. സൂര്യകുമാർ 40 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 82 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. ജേസൺ ഹോൾഡറാണ് താരത്തെ പുറത്താക്കിയത്.

സൺറൈസേഴ്‌സിന്റെ അഭിഷേക് ശർമയൊഴികേ ബാക്കിയുള്ള എല്ലാ ബൗളർമാരും നന്നായി തല്ലുവാങ്ങി. സൺറൈസേഴ്‌സിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തപ്പോൾ അഭിഷേക് ശർമ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ഉമ്രാൻ മാലിക് സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here