പത്തു രൂപ ഊണുമായി ജനകീയ ഹോട്ടല്‍; ആദ്യനാള്‍ തന്നെ സൂപ്പര്‍ ഹിറ്റ്‌, വലിയ കാര്യമെന്ന്‌ മഞ്‌ജു വാര്യര്‍

കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടൽ സമൃദ്ധി@കൊച്ചി ചലച്ചിത്രതാരം മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ നഗരത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.

മിതമായ നിരക്കിൽ നിലവാരമുള്ള ഭക്ഷണം നൽകാനാകുന്നത്‌ വലിയ കാര്യമാണെന്ന്‌ മഞ്‌ജു വാര്യർ പറഞ്ഞു. ഇതാണ്‌ യഥാർഥ മാതൃകയെന്നും അത്‌ നടപ്പാക്കിയ കൊച്ചി കോർപറേഷന്‌ എല്ലാ ആശംസയും നേരുന്നുവെന്നും മഞ്‌ജു പറഞ്ഞു.

ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി.എറണാകുളം നോർത്ത്‌ പരമാര റോഡിൽ ലിബ്ര ഹോട്ടൽ കെട്ടിടം നവീകരിച്ചാണ്‌ ജനകീയ ഹോട്ടൽ ഒരുക്കിയത്‌. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്‌ ഹോട്ടൽ പ്രവർത്തിക്കുന്നത്‌.

10 രൂപയുടെ ഉച്ചഭക്ഷണത്തിൽ ചോറിനൊപ്പം സാമ്പാറും തോരനും അച്ചാറുമുണ്ടാകും. 20 രൂപയ്‌ക്ക്‌ നൽകുന്ന പ്രാതലിൽ ഉപ്പുമാവും ഇഡ്ഡലിയുമാണ്‌ ഉണ്ടാകുക. മൂന്ന്‌ ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഉപ്പുമാവും ഒരു കറിയുമാണ്‌ നൽകുന്നത്‌. പാഴ്‌സൽ നൽകുന്നതിനാണ്‌ ഇപ്പോൾ ഊന്നൽ.

ഭാവിയിൽ ഇരുന്നുകഴിക്കാനുള്ള സജ്ജീകരണം ഒരുങ്ങും. ഒരേസമയം 1500 പേർക്ക്‌ ഭക്ഷണം തയ്യാറാക്കാനുള്ള അടുക്കളസൗകര്യമുണ്ട്‌.
ആദ്യ ദിനം ജനകീയ ഹോട്ടലിൽ കഴിക്കാനെത്തിയ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌. ഭക്ഷണത്തിന്റെ മേന്മയാണ്‌ എല്ലാവരും എടുത്തു പറഞ്ഞത്‌. ആദ്യ ദിനം നല്ല തിരക്കാണ്‌ അനുഭവപ്പെട്ടതെന്ന്‌ ജീവനക്കാരും പറഞ്ഞു. 1500പേർക്കാണ്‌ ഉച്ചഭക്ഷണം തയ്യാറാക്കിയത്‌. മഴുവനും വിറ്റുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here