എന്താകുമെന്ന് ഇന്ന് കണ്ടറിയാം; പുനഃസംഘടനാ ചര്‍ച്ചയ്ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍

കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തും. ഡിസിസി പുനഃസംഘടനയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിലെ ഹൈക്കമാന്‍ഡിന്റെ അതൃപ്തി കെപിസിസി പുനസംഘടനയില്‍ പരിഹരിക്കാന്‍ ആണ് ഇരു നേതാക്കളുടെയും ശ്രമം.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളില്‍ ഇരു ഗ്രൂപ്പുകളും ഒറ്റപ്പെടുത്തിയ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങളുടെ സംഘടന പാടവം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തെളിയിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. കേരളത്തിലെ ഡിസിസി പുനഃസംഘടനയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും പൂര്‍ണമായും പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോഴാണ് കെപിസിസി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിക്കുന്നത്.

ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമായി ആണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ദില്ലിയില്‍ എത്തിയത്. എഐസിസി നേതൃത്വവുമായും ഹൈക്കമാന്‍ഡുമായും ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തിയേക്കും. ദ്വിദിന സന്ദര്‍ശന വേളയില്‍ ആദ്യ ചര്‍ച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലുമായി ആണ്. ഡിസിസി പുനഃസംഘടന വേളയില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി മതിയായ ചര്‍ച്ചകള്‍ നടത്തിയില്ല എന്ന ആരോപണം നേതാക്കള്‍ ഉന്നയിച്ചിരുന്നു.

ഇത് കെപിസിസി പുനഃസംഘടന വേളയില്‍ പരിഹരിക്കാന്‍ കൂടിയാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. കൃത്യമായ സമയം നിശ്ചയിച്ച് ഇരു നേതാക്കളും ദില്ലിയില്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ആരായും. വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഡിസിസി പുനഃസംഘടന വേളയില്‍ പാലിക്കാന്‍ കേരള പിസിസിക്ക് സാധിച്ചിരുന്നില്ല.

ഈ വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി കെപിസിസി പുനസംഘടനയില്‍ പരിഹരിക്കാന്‍ ഉള്ള ഫോര്‍മുലയും ദില്ലിയില്‍ എത്തിയ കെ സുധാകരനും വിഡി സതീശനും തയ്യാറാക്കിയിട്ടുണ്ട്. നിര്‍ണായക കരട് പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകിട്ടോടെ ഇരു നേതാക്കളും കേരളത്തിലേക്ക് മടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News