തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാന്‍ 10 ലക്ഷം രൂപ കൈമാറി;  മോന്‍സന്റെ മറ്റൊരു മൊഴി കൂടി പുറത്ത്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മറ്റൊരു മൊഴി കൂടി പുറത്ത്. തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും സംസ്‌കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായിരുന്നുവെന്നും മോണ്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ഇതിന്റെ ഭാഗമായി സംസ്‌കാര ചാനല്‍ കേസില്‍ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈല്‍ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്‍സണ്‍ പറഞ്ഞു. അതേസമയം ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് മോന്‍സണെ ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചെയര്‍മാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നത്.

കേസില്‍ കഴിഞ്ഞ ദിവസമാണ് മോണ്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി ഇന്നലെ തള്ളിയിരുന്നു.

അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തുറവൂര്‍ സ്വദേശി ബിജു കോട്ടപ്പള്ളിയുടെത്.

2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. തന്റെ സഹോദരന്‍ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു.

മോന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി. പിന്നീട് തനിക്ക് ഒരു പജീറോ കൈമാറിയെന്നും ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരന്‍ പറയുന്നു.

പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News