ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് പോയ ട്രെയിനിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. എട്ട് പേർ ആയുധങ്ങളുമായി ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിക്കാൻ കയറുകയായിരുന്നു.
ട്രെയിൻ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തിൽ എത്തിയപ്പോഴായിരുന്നു അക്രമം. യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെയാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
ആറ് പേർക്ക് പരിക്കേറ്റു. കാസറ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ, യാത്രക്കാർ നിലവിളിക്കാൻ തുടങ്ങി. ഉടൻ റെയിൽവെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേർ കൂടി പിടിയിലായത്. ഇവർ മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കൾ കണ്ടെത്തി. നാലു പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.