എയര്‍ ഇന്ത്യ വില്‍പന: നേട്ടം ടാറ്റയ്ക്ക്, കടം വഹിക്കുന്നത് സര്‍ക്കാര്‍, അത് വീട്ടാന്‍ ജനങ്ങളുടെ നികുതി പണം: യെച്ചൂരി

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ, രാജ്യത്തെ ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്തിവെക്കുകയാണെന്ന്  സീതാറാം യെച്ചൂരി വിമർശിച്ചു.

എയർ ഇന്ത്യയെ ടാറ്റ സൺസ് 18000 കോടി രൂപക്ക് സ്വന്തമാക്കിയിട്ടും കേന്ദ്ര സർക്കാരിന് ആകെ ലഭിക്കുക 2700 കോടി മാത്രമാണ്. ബാക്കി രൂപ എയർ ഇന്ത്യയുടെ കടം വീട്ടാനാണ് ഉപയോഗിക്കുക. ഇത് ചൂണ്ടിക്കാട്ടിയാണ് സീതാറാം യെച്ചൂരിയുടെ വിമർശനം.

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ 18000 കോടി രൂപക്ക് ടാറ്റ സൺസ് സ്വന്തമാക്കിയതായി  കേന്ദ്രം വ്യക്തമാക്കിയത്. എയർ ഇന്ത്യയെ വരുന്ന ഡിസംബറിനകം കൈമാറ്റം നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ്‌ നടത്തുന്ന എയർഇന്ത്യ എക്‌സ്‌പ്രസും ഗ്രൗണ്ട്‌ ഹാൻഡ്‌ലിങ്‌ കമ്പനിയായ എയർഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്‌ക്ക്‌ ലഭിക്കുക.

എയർഇന്ത്യയുടെ കടം ടാറ്റ ഏറ്റെടുക്കുന്നുവെന്ന പേരിലുള്ള 15,300 കോടി രൂപയിൽ കേന്ദ്ര സർക്കാരിനു പണമായി ലഭിക്കുക 2,700 കോടി മാത്രമാണ്‌. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്തെത്തി.

ടാറ്റക്ക് എയർ ഇന്ത്യയെ സൗജന്യമായി നൽകിയതിന് തുല്യമാണിതെന്ന് യച്ചൂരി വിമർശിച്ചു. ഇടപാടിന് ശേഷവും എയർ ഇന്ത്യയുടെ കടങ്ങൾ വീട്ടാനുള്ള ബാധ്യത കേന്ദ്രത്തിനാണെന്നും ഇതിനായി കടം വീട്ടാൻ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണം ആണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കൂടുതൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ ജനങ്ങൾക്ക് മേലുള്ള ബാധ്യത ഇരട്ടിയാകുമെന്നും ഇതിനെതിരെ പ്രധിഷേധം ശക്തമാക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. തന്ത്രപ്രധാനമായ നാലോ അഞ്ചോ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുമെന്നാണ് കേന്ദ്ര സർക്കാർ നയം.

ബിപിസിഎൽ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.

വ്യോമയാനമേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറാൻ തീരുമാനിച്ചതോടെ  സ്വകാര്യ കമ്പനികളുടെ വിമാന നിരക്കുകൾ വർധിക്കുമ്പോഴും യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്ന സൗകര്യങ്ങളും അവസാനിച്ചിരിക്കുകയാണ്. 2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News