റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു; പ്രതി അറസ്റ്റിൽ

ദേശീയപാതയിൽ കോട്ടക്കല്‍ ചങ്കുവെട്ടിയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ കാറുമായി സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നു കളഞ്ഞു. പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച വാഹനമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കൊണ്ടുപോയത്. കോഴിക്കോടുവെച്ച് പോലിസ് കാർ തടഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തു.

കോട്ടക്കല്‍ ചങ്കുവെട്ടിയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സയീദ് സഫ്വാന്റെ കാറാണ് ഇതേ റസ്റ്റോറന്റിലെ സെക്യൂരിറ്റി മുനീബ് തട്ടിയെടുത്തത്. ജ്യേഷ്ഠന്റെ വിവാഹാവശ്യത്തിന് തുണിത്തരങ്ങള്‍ വാങ്ങിയ ശേഷമാണ് സഫ്വാനും കുടുംബവും റസ്റ്റോറന്റിലെത്തിയത്. കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് കൈമാറി. ഭക്ഷണം കഴിച്ചശേഷം തിരികെയെത്തിയപ്പോഴാണ് കാര്‍ കാണാനില്ലെന്നു മനസ്സിലാക്കിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരന്‍ കൊണ്ടുപോയതായി വ്യക്തമായി. തുടര്‍ന്നു കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി. വിവരം കൈമാറിയതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി. അമിതവേഗത്തില്‍ വന്ന കാര്‍ ചെമ്മങ്ങാട് എസ് ഐ എ.കെ.ശ്രി കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ശ്രദ്ധിച്ചു. വെട്ടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന പൊലീസ് പരപ്പില്‍ ജംഗ്ഷനില്‍ വെച്ചാണ് പിടികൂടിയത്. തുടര്‍ന്ന് കോട്ടക്കലില്‍ നിന്ന് കാര്‍ ഉടമയും റസ്റ്റോറന്റ് ഉടമയും സ്റ്റേഷനിലെത്തി. പ്രതിയെ കോട്ടക്കല്‍ പൊലീസിനു കൈമാറി. സമാനമായ അഞ്ചോളം കേസുകളില്‍ പ്രതിയാണ് മുനീബെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News