ഐപിഎൽ; പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഐപിഎൽ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ പ്ലേ ഓഫ് . രാത്രി 7:30 ന് ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.

കളിച്ച 14 മത്സരങ്ങളിൽ നിന്നും 10 വിജയം ഉൾപ്പടെ 20 പോയിൻറുമായി ഗ്രൂപ്പിൽ നമ്പർ വണ്ണായാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് യോഗ്യത. 14 മത്സരങ്ങളിൽ നിന്നും 41.84 ശരാശരിയിൽ മൂന്ന് അർധ സെഞ്ചുറികൾ ഉൾപ്പടെ ആകെ 544 റൺസ് അടിച്ചു കൂട്ടിയ ശിഖർ ധവാനാണ് ക്യാപിറ്റൽസ് ബാറ്റിംഗിലെ മുന്നണിപ്പോരാളി.

റൺ വേട്ടക്കാരുടെ പോരാട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ശിഖർ ധവാൻ. 14 കളിയിൽ നിന്നും 22 വിക്കറ്റുകൾ വീഴ്ത്തിയ ആവേശ് ഖാനിലും ഡൽഹിക്ക് പ്രതീക്ഷയേറെ. മികച്ച വിക്കറ്റ് നേട്ടക്കാരുടെ പേരിൽ രണ്ടാമനാണ് ആവേശ് ഖാൻ. ദക്ഷിണാഫ്രിക്കൻ താരം ആൻ റിച്ച് നോർട്ട്ജെ ഉൾപെടുന്ന ബൗളിംഗ് നിര പുറത്തെടുക്കുന്നതും ഒന്നാന്തരം പ്രകടമാണ്.

ഗ്രൂപ്പ് ഘട്ടങ്ങളിലെ ടീമിന്റെ സ്ഥിരതയാർന്ന പ്രകടനത്തിൽ വിശ്വാസം അർപ്പിച്ചാണ് റിഷാഭ് പന്തിന്റെ സംഘം ഇറങ്ങുന്നത്. അതേസമയം ഒരിടവേളക്ക് ശേഷമുള്ള കിരീട വിജയമാണ് എം.എസ് ധോനി ക്യാപ്ടനായ ചെന്നൈ സൂപ്പർ കിങ്സിന്റെ ലക്ഷ്യം.

ഓൾ റൗണ്ടർമാർ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട . 14 മത്സരങ്ങളിൽ നിന്നും അഞ്ച് അർധസെഞ്ചുറി ഉൾപ്പടെ 546 റൺസുമായി മികച്ച റൺ വേട്ടക്കാരിൽ രണ്ടാമതുള്ള ഫാഫ് ഡ്യുപ്ലെസിസാണ് ചെന്നൈയുടെ ബാറ്റിംഗ് പോരാളി. ഓപ്പണിംഗിൽ റുതുരാജ് ഗെയ്ക്ക് വാദ് വെടിക്കെട്ട് തുടക്കം ആവർത്തിച്ചാൽ സൂപ്പർ കിങ്സ് ബാറ്റിംഗിൽ സൂപ്പറാകും.

14 മത്സരങ്ങളിൽ നിന്നും ആകെ 18 വിക്കറ്റുകൾ നേടിയ ശാർദ്ദുൽ താക്കൂറും ഫോമിലാണ്.ഇരു ടീമുകളും ആകെ 25 മത്സരങ്ങളിൽ മുഖാമുഖം വന്നപ്പോൾ 15 തവണ വിജയം ചെന്നൈയ്ക്കൊപ്പം നിന്നു. 10 തവണ ഡൽഹി വിജയം സ്വന്തമാക്കി.നിർണായക മത്സരങ്ങളിൽ ഉയിർത്തെഴുന്നേൽക്കുന്ന പതിവ് ചെന്നൈ ആവർത്തിച്ചാൽ ത്രില്ലർ പ്ലേ ഓഫ് പോരിനാകും ദുബായ് സാക്ഷ്യം വഹിക്കുക. ഐപിഎല്ലിലെ ആദ്യ ഫൈനലിസ്‌റ്റാരാകുമെന്നറിയാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രമാണ് ബാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News