കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിൻ്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേർന്ന് സമർപ്പിച്ചിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ  ചർച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക സമർപ്പിച്ചത്.

കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാൻഡിന് കേരള കോൺഗ്രസ് നേതൃത്വം സമർപ്പിച്ചത്. എഐസിസി അംഗീകാരം ലഭിച്ചാൽ വാർത്താ സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

പട്ടിക പുറത്ത് വരുമ്പോൾ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള ഗ്രൂപ്പ് നേതാക്കൾ നൽകിയ പേരുകൾ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നും അവർ നൽകിയ പേരുകൾ പരിഗണനയിൽ ഉണ്ട് എന്നുമാണ് താരിഖ് അൻവർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ലിസ്റ്റില്‍ അതൃപ്തരായാൽ പരസ്യപ്പോരിലേക്ക് കേരളത്തിലെ കോൺഗ്രസ് നീങ്ങും.

ഡിസിസി പുനഃസംഘടന സമയത്ത് ഉണ്ടായതു പോലെ പാർട്ടിക്ക് ഉള്ളിൽ കലാപം ഉണ്ടാകരുതെന്ന് കെപിസിസി പുനഃസംഘടനാ വേളയിൽ ഹൈക്കമാൻഡ് അന്ത്യശാസനം നൽകിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ പൂർണമായി തള്ളാതെ ലിസ്റ്റ് തയ്യാറാക്കാൻ കെപിസിസി അധ്യക്ഷനും ബാധ്യത ഉണ്ട്.

സ്ത്രീ പ്രാതിനിധ്യം ഉണ്ടായില്ല എന്ന കേന്ദ്ര നേതൃത്വത്തിൻ്റെ വിമർശനം ഡിസിസി പുനഃസംഘടനാ സമയത്ത് ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ വൈസ് പ്രസിഡന്റ് പദത്തിലേക്ക് ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ എന്നിവരിൽ ആരെയെങ്കിലും പരിഗണിച്ചേക്കും. വനിതകളായ രണ്ടു പേരിൽ ആര് വന്നാലും നിലവിലെ നിബന്ധനയിൽ ഇളവ് നൽകേണ്ടിവരും. പത്മജ അഞ്ച് വർഷം തുടർച്ചയായി ഭാരവാഹിയായതിനാലും ഡിസിസി അധ്യക്ഷ പദത്തിൽ നിന്ന് ഒഴിവാക്കിയ ബിന്ദു കൃഷ്ണയെ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്താമെന്ന ധാരണ ഉള്ളതിനാലും ഇരുവർക്കും ഇളവ് അനിവാര്യമാണ്. ദളിത് നേതാവെന്ന നിലയിൽ വി പി സജീന്ദ്രൻ വൈസ് പ്രസിഡന്റ് പദത്തിലേക്ക് പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News