യുവേഫ നാഷൻസ് ലീഗ്; കിരീടപ്പോരാട്ടം ഇന്ന്

യുവേഫ നാഷൻസ് ലീഗിൽ കിരീടപ്പോരാട്ടം ഇന്ന്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനാണ് എതിരാളി. രാത്രി 12:15 ന് ഇറ്റലിയിലെ സാൻസിറോ സ്റ്റേഡിയത്തിലാണ് ഫൈനൽ.

യൂറോകപ്പ് ചാമ്പ്യന്മാരായ അസൂറിപ്പടയുടെ അപരാജിത പടയോട്ടത്തിന് ഫുൾ സ്റ്റോപ്പിട്ട കാളപ്പോരിന്റെ നാട്ടുകാർ ഒരു ഭാഗത്ത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് പട മറുഭാഗത്ത്. യുവേഫ നാഷൻസ് ലീഗിൽ കിരീടപ്പോരാട്ടത്തിന് കിക്കോഫാകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

മത്സരത്തിന്റെ അവസാന സെക്കൻഡ് വരെ ആവേശം അലതല്ലിയ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ നമ്പർ വണ്ണായ ബെൽജിയത്തെ തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. രണ്ട് ഗോൾ വഴങ്ങിയ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് ലോക ചാമ്പ്യന്മാരുടെ പകിട്ടോടെ കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്ത എംബാപ്പയുടെ സംഘം ഫൈനലിൽ സ്പെയിനിനെ നേരിടുമ്പോൾ കാൽപന്ത് കളി പ്രേമികൾക്ക് ആവേശക്കാഴ്ചയൊരുക്കും.

ടൂർണമെന്റിൽ ഇതേ വരെ അര ഡസൻ ഗോളുകൾ നേടിയ ഫെറാൻ ടോറസാണ് സ്പെയിനിന്റെ ഗോളടി യന്ത്രം. മൂന്ന് അസിസ്റ്റുകളുമായി സ്പെയിനിന്റെ ഫാബിയൻ റൂയിസും മുൻ നിരയിലുണ്ട്. ഗവി ഉൾപ്പെടെയുളള മികച്ച യുവ താരങ്ങളുടെ സാന്നിധ്യവും സ്പെയിനിന് മുതൽക്കൂട്ടാണ്.

സമീപകാലത്തെ മോശം പ്രകടനങ്ങൾക്കെല്ലാം കണക്ക് തീർക്കാൻ ലൂയിസ് എൻ റീക്കെ പരിശീലകനായ സ്പാനിഷ്ടീമിന് കിരീട വിജയം കൂടിയേ തീരൂ. അതേസമയം റയൽ മാഡ്രിഡ് താരം കരീം ബെൻസേമയുടെ മിന്നും ഫോമാണ് ഫ്രാൻസിന് പ്രതീക്ഷയേകുന്നത്. മധ്യനിരയും പ്രതിരോധവും തമ്മിലുള്ള ഒത്തിണക്കവും പരിശീലകൻ ദെഷാംപ്സിന് പ്രതീക്ഷയേകുന്നുണ്ട്. ഏതായാലും അതി വാശിയേറിയ സൂപ്പർ ത്രില്ലറിനാണ് മിലാനിലെ സാൻസിറോ സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here