‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഒക്ടോബര്‍-10, ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുക.

ഈ വര്‍ഷത്തെ തീം ‘mental health in an unequal world’ എന്നതാണ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം.

ഇനി ചില കണക്കുകള്‍ നമുക്കൊന്നു നോക്കാം.

  • മാനസികരോഗമുള്ള വ്യക്തികളില്‍ 80 ശതമാനം ആളുകളും രോഗം തുടങ്ങി ഒരു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടാണ് ആരോഗ്യ സേവനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തുന്നത്.

  • ഇന്ത്യയില്‍ ഒരു ലക്ഷം ആളുകള്‍ക്ക് ആനുപാതികമായി ഉള്ള സൈക്ക്യാട്രിസ്റ്റുകളുടെ എണ്ണം 0.05 നും 1.2നും ഇടയിലാണ്. സൈക്കോളജിസ്റ്റുകള്‍ ഒരു ലക്ഷം ആളുകള്‍ക്ക് 0.6 ഉം. ഇതില്‍ ഏറ്റവും മികച്ച സ്ഥിതിയുള്ളത് കേരളത്തിലാണ്. മറ്റു പല സംസ്ഥാനങ്ങളിലും വളരെ പരിതാപകരമായ സ്ഥിതിയാണ്

  • ഇന്നും.ആരോഗ്യമേഖലയിലെ ബജറ്റ് വിഹിതം പൊതുവെ ഇന്ത്യയില്‍ കുറവാണ്. അതില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മാനസികാരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നത്. പലപ്പോഴും ജീവനക്കാരുടെ ശമ്പളത്തിനായാണ് ഇതിലെ ഭൂരിഭാഗവും ഉപയോഗിക്കുക.

  • നെതര്‍ലന്‍ഡ്‌സ് പോലെ മാനസികാരോഗ്യ സൂചികകള്‍ വളരെ മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ആകെ തുകയുടെ 20 ശതമാനം വരെ മാനസികാരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നു.

  • ഇന്ത്യയില്‍ മിക്ക സംസ്ഥാങ്ങള്‍ക്കും മാനസികാരോഗ്യ മേഖലയ്ക്ക് വേണ്ടി പ്രത്യേകം ഫണ്ടിങ് ഇല്ല, കേരളത്തില്‍ മാത്രമാണിതുള്ളത്.

  • 2015-2016 ല്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലുള്ള ഏകദേശം 35000 ആളുകളില്‍ നടത്തിയ ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ (National Mental Health Survey-NMHS) നിന്നുള്ള ചില പ്രധാന കണ്ടെത്തലുകളാണ് മുകളില്‍ പറഞ്ഞത്.

നമുക്ക് ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ നിന്നുള്ള മറ്റു കണ്ടെത്തലുകള്‍ കുടി നോക്കാം.

18 വയസിനു മുകളിലുള്ള ഇന്ത്യക്കാരില്‍ 10.6 ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നമുണ്ട്. മാനസികാരോഗ്യ സേവനങ്ങള്‍ വേണ്ടിവരുന്ന ആളുകളുടെ എണ്ണം ഏകദേശം 15 കോടിയെങ്കിലും വരും.

പൊതു മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ (വിഷാദം, ഉത്കണ്ഠ) വ്യാപ്തി 10 ശതമാനവും തീവ്ര മാനസിക രോഗങ്ങളുടേത് (psychosis, schizophrenia, bipolar) 1% വുമാണ്.ഇരുപതില്‍ ഒരാള്‍ക്ക് വിഷാദ രോഗമുണ്ടാകാം. ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍.22.4 ശതമാനം ആളുകള്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശനങ്ങള്‍ നേരിടുന്നു.

ഇതില്‍ 20 ശതമാനം പുകയില ഉപയോഗിക്കുന്നവരും, 4.6 ശതമാനം മദ്യം കൊണ്ടുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്. ഏകദേശം ഒരു ശതമാനം ആളുകള്‍ കൂടിയ ആത്മഹത്യ സാധ്യത ഉള്ളവരാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. 18 വയസിനു താഴെയുള്ള 7.3 ശതമാനം കുട്ടികള്‍ക്ക് പരിചരണം ആവശ്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട മുന്‍ഗണന ലഭിക്കുന്നില്ല.

മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് 20-40 വയസിനു ഇടയിലാണ്. സമൂഹത്തിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സമയമാണിത്. ജീവിതത്തിന്റെ എല്ലാ മേഖലയെയും രോഗം നേരിട്ട് ബാധിക്കുന്നുണ്ട് മാനസികരോഗങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ചികിത്സയിലെ അന്തരം, വൈകല്യങ്ങള്‍ ഇവയെ കുറിച്ചും പഠനത്തില്‍ കണ്ടെത്തലുകള്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here