ബത്തേരി കോഴക്കേസ്; കെ. സുരേന്ദ്രന്‍റെ ശബ്ദ പരിശോധന ഇന്ന്

ബത്തേരി കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ശബ്ദ പരിശോധന ഇന്ന് നടത്തും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന. കേസിൽ കെ സുരേന്ദ്രന്റെയും സാക്ഷി പ്രസീത അഴീക്കോടിന്റെയും ശബ്ദ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു.

എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തുന്നത്.

കേസിൽ സി കെ ജാനുവിന് തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നൽകിയെന്ന് വ്യക്തമാക്കുന്ന സുരേന്ദ്രൻ്റെ ഫോൺ സംഭാഷണം ജെ ആർ പി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. ഈ സംഭാഷണത്തിന്‍റെ ആധികാരികത ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

സുരേന്ദ്രനൊപ്പം സാക്ഷിയായ പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിക്കും. ശബ്ദ സാംപിളുകള്‍ എടുക്കാനായി ഇരുവരോടും രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്താനാണ് നിർദ്ദേശിച്ചത്.

നിലവിൽ കേസിലെ പ്രധാന തെളിവുകളെല്ലാം അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്‌. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും ക്രൈം ബ്രാഞ്ച്‌ സംഘം തെളിവെടുപ്പ്‌ നടത്തിയിരുന്നു.  ശബ്ദപരിശോധനക്ക്‌ ശേഷം കെ സുരേന്ദ്രനെ വിളിച്ചുവരുത്താനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News