രാജ്യം ഇരുട്ടിലേക്ക്; യുപിയില്‍ 14 വൈദ്യുതനിലയങ്ങള്‍ പൂട്ടി, പഞ്ചാബില്‍ ലോഡ്ഷെഡ്ഡിങ്

രാജ്യത്ത് കല്‍ക്കരിക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഇതോടെ മിക്ക സംസ്ഥാനങ്ങളും ഇരുട്ടിലായിരിക്കുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായി. വൈദ്യുത പ്രതിസന്ധിയില്‍ ലോഡ്ഷെഡ്ഡിങ്ങും പവര്‍കട്ടും അനിവാര്യമാകുമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു.

അടിയന്തരമായി പ്രതിസന്ധി പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. മൂന്നോ നാലോ ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ്ുള്ളത്. 135 താപവൈദ്യുതനിലയത്തില്‍ സാധാരണ 15 മുതല്‍ 30 ദിവസത്തേക്കുള്ള കല്‍ക്കരി കരുതാറുണ്ട്. നിലവില്‍ പകുതിയിലേറെ നിലയങ്ങളില്‍ ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് എന്നതും ഏറെ ആശങ്കാജനകമാണ്.

യുപിയില്‍ 14 വൈദ്യതനിലയങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടു. പഞ്ചാബില്‍ ഒന്നിടവിട്ട ദിവസത്തില്‍ ലോഡ്ഷെഡ്ഡിങ് തുടങ്ങി. അഞ്ച് നിലയം പ്രവര്‍ത്തനം നിര്‍ത്തി. രാജസ്ഥാനില്‍ ദിവസം ഒരുമണിക്കൂര്‍ ലോഡ്ഷെഡ്ഡിങ്. ഡല്‍ഹിയില്‍ പലയിടത്തും അപ്രതീക്ഷിത ലോഡ്ഷെഡ്ഡിങ് ഉണ്ടാകാമെന്ന് ടാറ്റാ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഡിഡിഎല്‍) മുന്നറിയിപ്പ് നല്‍കി.

ആന്ധ്രയില്‍ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവര്‍ ജനറേഷന്‍ കോര്‍പറേഷന്റെ പ്ലാന്റുകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രം. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും സ്ഥിതി സമാനം. തമിഴ്നാട്ടില്‍ വരുംദിവസങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കല്‍ക്കരി ഖനനം, സംഭരണം തുടങ്ങിയവയില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന വിമര്‍ശം ഉയര്‍ന്നു. രാജ്യത്തെ കല്‍ക്കരിപ്രതിസന്ധി അദാനി എന്റര്‍പ്രൈസസ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News