പരപ്പുഴ പാലം നിര്‍മ്മാണം; നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ് 

പരപ്പുഴ പാലം നിര്‍മ്മാണ  നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മണലൂര്‍ നിയോജക മണ്ഡലത്തിലെ അമല നഗര്‍- പാവറട്ടി റോഡില്‍ പരപ്പുഴ പാലം നിര്‍മ്മാണം വേഗത്തിലാക്കണമെന്ന മുരളി പെരുനെല്ലി എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

2019 സെപ്തംബര്‍ 25 നാണ് ആ പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2020 സപ്തംബര്‍ 18 ന് കരാറുകാരന് സൈറ്റ് കൈമാറുകയും ചെയ്തു.

പുഴയില്‍ ശക്തമായ നീരൊഴുക്കുണ്ടായതിനാല്‍ പ്രവൃത്തി ആരംഭിക്കാനായില്ല. 2021 മാര്‍ച്ച് 12 ന് നിലവിലുള്ള പാലം പൊളിച്ചു നീക്കി , പുതിയ പാലത്തിന്റെ ഫൗണ്ടേഷന്‍ പ്രവൃത്തി ആരംഭിച്ചതാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രവൃത്തിയുടെ വേഗത തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് എം എല്‍ എ യുടെ നേതൃത്വത്തില്‍ ഒരു ഉന്നത തല യോഗം ചേരുകയും പ്രവൃത്തി വിലയിരുത്തുകയും ചെയ്തു.

ജൂലൈ ആദ്യവാരം പുനരാരംഭിച്ച പ്രവൃത്തി ഇപ്പോള്‍ വേഗതയിലാണെന്നാണ് ബ്രിഡ്ജസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് പുഴ മുറിച്ചു കടക്കുന്നതിനുള്ള നടപ്പാലം എം എല്‍ എ യുടെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എം എൽ എ സൂചിപ്പിച്ചതു പോലെ നേരത്തെ ചെറുവാഹനങ്ങൾക്ക് പോകാൻ വേണ്ടി അവിടെ ഒരു ബണ്ട് കെട്ടി താക്ക്കാലിക റോഡ് നിർമ്മിച്ചിരുന്നു.എന്നാൽ ടൗട്ടെ ചുഴലിക്കാറ്റിൻ്റെ സമയത്ത് അത് പൊളിച്ചു കളയേണ്ടി വന്നു. സർവീസ് റോഡ് പുന:സ്ഥാപിക്കുന്ന കാര്യം അനുഭാവത്തോടെയാണ് കാണുന്നത്. ഇപ്പോൾ വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വെള്ളം കുറയുമ്പോൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

കരാര്‍ പ്രകാരം സപ്തംബര്‍ 17 ന് പാലം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു . കാലാവധി 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ 17-12-21 വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കൃത്യമായ വര്‍ക് ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പ്രവൃത്തി പുരോഗതി കൃത്യമായി ‍ എം എല്‍ എയെ അറിയിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News