ചവറ പാലം നിര്‍മാണം നടപ്പാക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ; മന്ത്രി മുഹമ്മദ് റിയാസ്

ചവറ പാലം നിര്‍മാണം നടപ്പാക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പാലത്തിന്റെ സുരക്ഷക്കായി പുനരുദ്ധാരണപ്രവൃത്തി നടത്താമെന്നും നിര്‍മ്മാണസമയത്ത് ഐ ആര്‍ സി മാനദണ്ഡം അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചട്ടം 304 പ്രകാരം സുജിത് വിജയന്‍പിള്ള എം എല്‍ എയുടെ സബ് മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വക്തമാക്കിയത്.

മന്ത്രിയുടെ മറുപടി

ചവറ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യമാണ് ശ്രീ. സുജിത് വിജയന്‍ പിളള എം എല്‍ എ സബ്മിഷനിലൂടെ‍ ഉന്നയിച്ചത്. ചവറ പാലം നിര്‍മ്മാണം ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പാക്കുന്നത്. ദേശീയ പാത 66 ല്‍ ചേര്‍ത്തല – കഴക്കൂട്ടം വികസനത്തിന്റെ ഭാഗമായി വരുന്ന മേഖലയാണിത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയോട് ചവറയില്‍ പഴയ പാലം നിലനിര്‍ത്തുന്നതുമായ ബന്ധപ്പെട്ട കാര്യത്തില്‍ അഭിപ്രായം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഡി പി ആര്‍ കണ്‍സല്‍ട്ടന്റിന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷം NHAI റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതനുസരിച്ച് നിലവിലുള്ള ചവറ പാലത്തിന് നിലവില്‍ ഏഴു മീറ്റര്‍ വീതി ഉണ്ട്. RCC BOW STRING TYPE ARCH BRIDGE ആയതിനാല്‍ വീതി കൂട്ടാന്‍ സാധിക്കില്ല. ദേശീയ പാത വീതി കൂട്ടുമ്പോള്‍ മൂന്നു വരിയോടു കൂടിയ പുതിയ പാലത്തിന്റെ നിര്‍ദ്ദേശം നിലവിലുണ്ട്. ഈ പാലത്തിലൂടെ ഒരു ദിശയിലേക്കുള്ള വാഹനങ്ങള്‍ കടത്തി വിടാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഏഴ് മീറ്റര്‍ വീതിയുള്ള പാലം മറുഭാഗത്തേക്കുള്ള ഗതാഗതത്തിന് ഉപയോഗിക്കാനാകുമെന്നും ദേശീയ പാത വികസന അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പാലം വന്നാല്‍ പഴയ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

4.9 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് ഉള്ളതാണ് നിലവിലുളള പാലം. ബീം ഉരസാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പാലത്തിന്റെ സുരക്ഷക്കായി പുനരുദ്ധാരണപ്രവൃത്തി നടത്താമെന്നും നിര്‍മ്മാണസമയത്ത് ഐ ആര്‍ സി മാനദണ്ഡം അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here