സംസ്ഥാനത്തെ യുവ സംഘങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാകും: മന്ത്രി വി.എന്‍. വാസവന്‍

സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങള്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ലോകത്തിനു തന്നെ മാതൃകയാകുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി. എന്‍. വാസവന്‍. മികച്ച ആശയങ്ങളോടെയാണ് യുവജന സഹകരണ സംഘങ്ങള്‍ രംഗത്തു വന്നത്.

പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഊര്‍ജ്ജസ്വലതയും കാണുന്നുണ്ട്. യുവജന സഹകരണ സംഘങ്ങളുടെ പ്രമോട്ടര്‍മാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനെജ്മെന്‍റ് (ഐസിഎം) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രത്യാശാ കിരണങ്ങള്‍ ഉയര്‍ത്തി പുതിയ ദിശാബോധം പകരാന്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് കഴിയും. യുവജനങ്ങളെ ഈ സമയത്ത് വഴിതിരിച്ചുവിട്ടാല്‍ വലിയ ദുരന്തങ്ങളുണ്ടാകും. ഫാസിസ്റ്റ് കാലത്ത് ഹിറ്റ്ലറും മുസോളിനിയും യുവാക്കളെ ഉപയോഗിച്ചാണ് പ്രചാരണം നടത്തിയതും അധികാരം ഉറപ്പിച്ചതും.

ദേശീയതലത്തിലും ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്. യുവജനങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന് പുതിയ ചിന്താധാരയും പകര്‍ന്നു നല്‍കിയാല്‍ സമൂഹത്തിന് പ്രയോജനപ്രദമായ രംഗത്ത് ഉപയോഗിക്കാന്‍ കഴിയും. 25 യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയ പരിധിക്കുള്ളില്‍ 29 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമത്തിന്‍റെ കൂടി ഫലമാണിത്.

യുവജനങ്ങള്‍ ആവേശത്തോടെയാണ് ഈ രംഗത്തേയ്ക്ക് കടന്നു വന്നത്. അതുകൊണ്ടാണ് അവര്‍ക്ക് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവും നടത്തിപ്പും സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കാനായി ശില്‍പ്പശാല ആസൂത്രണം ചെയ്തത്. ഐസിഎം അതേറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്തു. മൂന്നു ദിവസത്തെ പഠനം കഴിയുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വവും ആര്‍ജ്ജവും ആര്‍ജ്ജിക്കാനാകും. ഇത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, രജിസ്ട്രാര്‍ പി.ബി. നൂഹ്, ഐസിഎം ഡയറക്ടര്‍ ആര്‍.കെ. മേനോന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 87 പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. സഹകരണ രംഗത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും. ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News