പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി; നിലപാടിലുറച്ച് മുന്‍ ഹരിത നേതാക്കള്‍

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ നിലപാടിലുറച്ച് മുന്‍ ഹരിത നേതാക്കള്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വിവരങ്ങള്‍ക്ക് പുറമെ കൂടുതല്‍ കാര്യങ്ങള്‍ വനിതാ കമ്മീഷന് മൊഴിയായി നല്‍കിയെന്ന് മുന്‍ ഭാരവാഹികളായ മുഫീദ തസ്‌നിയും നജ്മ തബ്ഷിറയും. നോട്ടീസ് നല്‍കിയെങ്കിലും വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പി കെ നവാസ് ഹാജരായില്ല.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലാണ് ഹരിത മുന്‍ സംസ്ഥാന ഭാരവാഹികളായ മുഫീദ തസ്‌നി, നജ്മ തബ്ഷിറ എന്നിവര്‍ മൊഴി നല്‍കിയത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.

അര മണിക്കൂറിലധികം നീണ്ട മൊഴിയെടുക്കലില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഇതിന് പുറമെ കൂടുതല്‍ കാര്യങ്ങള്‍ വനിതാ കമ്മീഷന് മൊഴിയായി നല്‍കിയെന്ന് മുഫീദ തസ്‌നിയും നജ്മ തബ്ഷിറയും വ്യക്തമാക്കി.

അദാലത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പി കെ നവാസിന് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍.

ജൂണ്‍ 22 ന് കോഴിക്കോട് ചേര്‍ന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി കെ നവാസ് മോശമായി സംസാരിച്ചെന്നും എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് ഫോണ്‍ വഴി അശ്ലീലം പറഞ്ഞെന്നുമാണ് വനിതാ കമ്മീഷന് നല്‍കിയ പരാതി. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ട് പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News