മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ചു; അരങ്ങിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കാവാലം; കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത് മലയാള സിനിമയുടെ കാരണവര്‍

നെടുമുടി വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. ചമ്പക്കുളം ശ്രീവിദ്യ കോളജ് എന്ന പാരലല്‍ കോളജില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ ജോലി. അക്കാലത്തു പല നാടകങ്ങളും എഴുതി അവതരിപ്പിക്കുമായിരുന്നു.

അങ്ങനെയൊരു നാടകത്തിന്റെ വിധികര്‍ത്താവായി കാവാലം നാരായണപ്പണിക്കര്‍ എത്തി. നെടുമുടി വേണുവിനെ ഇഷ്ടപ്പെട്ട് അദ്ദേഹം നേരിട്ടു കാണാന്‍ വിളിപ്പിച്ചു. കാവാലം കളരി അങ്ങനെ അദ്ദേഹത്തിന്റെ ജീവതത്തിന്റെ ഭാഗമായി. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

വിദ്യാഭ്യാസകാലത്തുതന്നെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടിവേണു തന്റെ അഭിനയജീവിതത്തിനു തുടക്കമിടുന്നത്.

കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളില്‍ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് അരവിന്ദന്‍, പത്മരാജന്‍, ഭരത്‌ഗോപി എന്നിവരുമായുള്ള സൗഹൃദം നെടുമുടിയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിതുറന്നുകൊടുത്തു.

1978ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് അദ്ദേഹം കടന്നു വന്നു. ഭരതന്റെ ആരവം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടര്‍ന്ന് വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, കള്ളന്‍പവിത്രന്‍,ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ഥ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,87,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News