നടന്‍ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. ‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം.
എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട… മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.
അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.