അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ നെടുമുടിക്ക് രാഷ്ട്രീയ ലോകത്തിന്റെ വിട

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ ലോകം അനുശോചിച്ചു .അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ എൻ. ബാലഗോപാൽ

മലയാളത്തിന്റെ അതുല്യ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിലുള്ള അഗാധമായ അനുശോചനം അറിയിക്കുന്നു. അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ നടനായിരുന്നു അദ്ദേഹം.
നാടകം, സംഗീത സംവിധാനം, ആലാപനം, വാദ്യം തുടങ്ങി വിവിധ കലാമേഖലകളിൽ അദ്ദേഹത്തിന്റെ പ്രതിഭ വ്യാപരിച്ചു. നാടൻ പാട്ടും ചൊൽക്കാഴ്ചയുമായി തനതു കലാവേദികളെ ഉണർത്തി. നെടുമുടിയുടെ വിയോഗം കലയ്ക്കും സംസ്കൃതിയ്ക്കും അപരിഹാര്യമായ നഷ്ടമാണ്.

കെ. രാജൻ

പ്രശസ്ത ചലച്ചിത്ര പ്രതിഭയായ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അനുശോചനം രേഖപ്പെടുത്തി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ അഗ്രഗണ്യനായിരുന്നു നെടുമുടി. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു. വ്യത്യസ്ത വേഷങ്ങളെ അനായാസം അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ നെടുമുടി മലയാളമടക്കം അഞ്ഞൂറിലധികം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു എന്നത് തന്നെ വിസ്മയകരമായ നേട്ടമാണ്. രണ്ട് ദേശീയ പുരസ്കാരങ്ങളും ആറു തവണ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. പ്രതിഭാധനനായആ അതുല്യപ്രതിഭക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാദികളും ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു

കെ രാധാകൃഷ്ണൻ

താള ലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മാതൃകയായിരുന്ന നെടുമുടി വേണുവിന്റെ വേർപാട് കല, സാംസ്കാരിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്. അഗാധമായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.

ആര്‍ ബിന്ദു

അസാമാന്യനായ അഭിനയപ്രതിഭയെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ ചലച്ചിത്രലോകത്തിന് നഷ്ടമായതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മലയാളത്തിലെ മാത്രമല്ല, ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണുവെന്നും മന്ത്രി അനുസ്മരിച്ചു.

വി എം സുധീരന്‍

ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠനേടിയ അനുഗ്രഹീത കലാകാരനായ നെടുമുടി വേണുവിന്റെ അകാല നിര്യാണത്തിൽ അതിയായി ദുഃഖിക്കുന്നു.മലയാള സിനിമയിലെ മികച്ച നടനായ അദ്ദേഹം ഏറ്റെടുത്ത കഥാപാത്രങ്ങളായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. ഏതു വേഷവും തനിക്കിണങ്ങുന്നതാണെന്ന് തന്റെ അഭിനയ സിദ്ധിയിലൂടെ തെളിയിച്ച പ്രതിഭാശാലിയായിരുന്നു നെടുമുടി വേണു.

അദ്ദേഹത്തിന്റെ വേർപാട് കലാ ലോകത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.അദ്ദേഹവുമായി സംവത്സരങ്ങളുടെ അടുത്ത സ്നേഹബന്ധമാണ് എനിക്കുണ്ടായിരുന്നത്.ജനപ്രിയനായ പ്രിയപ്പെട്ട നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News