നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദര്‍ശനം നാളെയുണ്ടാകും. രാവിലെ 10 മുതൽ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം 10.30 മുതൽ അയ്യൻങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് 12.30ക്ക് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.

നിലവില്‍ കിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോയി. ശേഷം മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73)  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here