ഞാൻ ഏറ്റവും അധികം ശ്രദ്ധിച്ചത് അദ്ദേഹത്തിലെ മാധ്യമപ്രവർത്തകനെയാണ്.കലാമണ്ഡലം ഹൈദ്രാലിയെപ്പറ്റി ആദ്യം ലേഖനം എഴുതുന്നത് ഞാനാണ് എന്ന് വേണുച്ചേട്ടൻ എത്ര അഭിമാനത്തോടെയാണ് അന്ന് പറഞ്ഞത്:ജോൺ ബ്രിട്ടാസ് എം പി

അഭിനയ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. അഭിനയ പ്രതിഭയ്‌ക്കൊപ്പം മനുഷ്യസ്‌നേഹിയായ ഒരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അഭിമാനത്തോടെ ഹ്രസ്വ കാല മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചു പറഞ്ഞ നെടുമുടി വേണുവിന്റെ വാക്കുകളും ജോണ്‍ ബ്രിട്ടാസ് എം പി ഓര്‍ത്തെടുക്കുന്നു. ജ്യേഷ്ഠ സഹോദരനെപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വേണുച്ചേട്ടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുകയാണ് അദ്ദേഹം. ജോണ്‍ ബ്രിട്ടാസ് എം പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

കൊട്ടും പാട്ടും താളവും അഭിനയവും എഴുത്തുമെല്ലാം നിറഞ്ഞ ചാരുതയുള്ള ഓർമ്മകൾ മലയാളിക്ക്‌ സമ്മാനിച്ചാണ് നെടുമുടിവേണു വിട വാങ്ങുന്നത്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ നെടുമുടി വേണു ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാണ് എന്നതിൽ സംശയമില്ല.

സിനിമയുടെ വലയങ്ങളിൽ ഒതുങ്ങി നിൽക്കാതെ അവസാനം വരെ നാടൻ പാട്ടും നാടകവും കഥകളിയും മൃദംഗവുമൊക്കെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന കലാകാരൻ. വിസ്മയിപ്പിക്കുന്ന നടനോടൊപ്പം അദ്ദേഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന തനി നാട്ടുമ്പുറത്തുകാരനെ, മനുഷ്യസ്‌നേഹിയായ വേണുച്ചേട്ടനെ ആണ് എനിക്കോർമ വരുന്നത്. പച്ചപ്പ് നഷ്ട്ടപ്പെട്ട കുട്ടനാടിനെകുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്ന ഒരു നെടുമുടിക്കാരൻ.

വേണുച്ചേട്ടൻ ജെ ബി ജംഗ്‌ഷനിൽ പങ്കെടുക്കവെ ഞാൻ ഏറ്റവും അധികം ശ്രദ്ധിച്ചത് അദ്ദേഹത്തിലെ മാധ്യമപ്രവർത്തകനെയാണ്.കലാമണ്ഡലം ഹൈദ്രാലിയെപ്പറ്റി ആദ്യം ലേഖനം എഴുതുന്നത് ഞാനാണ് എന്ന് വേണുച്ചേട്ടൻ എത്ര അഭിമാനത്തോടെയാണ് അന്ന് പറഞ്ഞത് .തായമ്പക വിദഗ്ധൻ ത്രിത്താല കേശവപ്പൊതുവാൾ,കടമ്മനിട്ട-പടയണി ,നാടക-സംഗീത പ്രഗത്ഭർ തുടങ്ങി മലയാള ലേഖനത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തിയ വിഷയങ്ങൾ അദ്ദേഹം അന്ന് ഓർമിച്ചെടുത്തിരുന്നു .

അഭിനയത്തിൽ മാത്രമല്ല അധ്യാപകനായിരുന്നപ്പോഴും മാധ്യമപ്രവർത്തനം നടത്തിയപ്പോഴും ഏറ്റവും ആത്മാർത്ഥതയോടെയാണദ്ദേഹം ഇടപെട്ടത്.ഇതേ സ്നേഹവും ആത്മാർത്ഥതയും എന്നും അദ്ദേഹം അടുത്തിടപഴകുന്നവരോടും കാണിച്ചിരുന്നു. ജ്യേഷ്ഠ സഹോദരനെപോലെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വേണുച്ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel