ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി

ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന. കേസിലെ സാക്ഷി പ്രസീത അഴീക്കോടിന്റെയും ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. സുരേന്ദ്രനെതിരായ കോ‍ഴയാരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രസീത അ‍ഴീക്കോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരിൽ ബി ജെ പി മൂന്നരക്കോടി രൂപ ബത്തേരിയിലെത്തിച്ചുവെന്നും തുക പലരും വീതിച്ചെടുത്തതായും പ്രസീത ആരോപിച്ചു.

ബത്തേരിയിൽ എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ക്രൈെംബ്രാഞ്ച് ശബ്ദ പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും ജാനുവിന് നൽകിയെന്ന് വ്യക്തമാക്കുന്ന സുരേന്ദ്രൻ്റെ ഫോൺ സംഭാഷണം ജെ ആർ പി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു.

ഈ സംഭാഷണത്തിൻറെ ആധികാരികത ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സുരേന്ദ്രനെക്കൂടാതെ സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദ സാമ്പിളും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വെച്ച് ശേഖരിച്ചു. ഇരുവരുടെയും ശബ്ദ സാമ്പിൾ, നേരത്തെ പുറത്ത് വന്ന ഫോൺ സംഭാഷണവുമായി ഒത്തുനോക്കിയാണ് ആധികാരികത ഉറപ്പിക്കുക. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലായിരിക്കും പരിശോധന. സുരേന്ദ്രനെതിരായ കോ‍ഴയാരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി ശബ്ദ പരിശോധനക്ക് ശേഷം പ്രസീത അ‍ഴീക്കോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവിനെന്ന പേരിൽ ബി ജെ പി മൂന്നരക്കോടി രൂപ ബത്തേരിയിലെത്തിച്ചുവെന്നും തുക പലരും വീതിച്ചെടുത്തതായും പ്രസീത ആരോപിച്ചു.

എല്ലാ തെളിവുകളും പരിശോധിക്കട്ടെയന്നായിരുന്നു കെ സുരേന്ദ്രൻറെ പ്രതികരണം. ബി ജെ പിക്കെതിരെ പാർട്ടിക്കകത്തുള്ള ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ബത്തേരി കോ‍ഴക്കേസിൽ പ്രധാന തെളിവുകളെല്ലാം അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്‌. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും ക്രൈം ബ്രാഞ്ച്‌ സംഘം തെളിവെടുപ്പ്‌ നടത്തിയിരുന്നു.ഫോൺസംഭാഷണത്തിൻറെ ആധികാരികത തെളിഞ്ഞാൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here