ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ലഖിംപൂരിൽ കർഷകർ നാളെ പ്രതിഷേധ സമരം നടത്തും.

ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ 3 ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കുറ്റം, ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശനിയാഴ്ച്ച ആശിഷ് മിശ്രയെ യുപി പൊലിസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ സഹകരിക്കാതിരുന്ന ആശിഷ് മിശ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് യു പി പൊലിസ് കോടതിയെ സമീപിച്ചിരുന്നു. യു പി പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു.അതേസമയം അജയ് മിശ്ര അധികാരത്തിൽ ഇരിക്കുമ്പോൾ ആശിഷ് മിശ്രക്കെതിരെയുള്ള പൊലീസ് അന്വേഷണം ശരിയായ ഗതിയിൽ നടക്കില്ലെന്നും അജയ് മിശ്ര രാജിവെക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമരം ശക്തമാകുകയാണ്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച നാളെ ലഖിംപുരിൽ പ്രതിഷേധ പ്രകടനം നടത്തും. ആയിരക്കണക്കിന് കർഷകർ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ലഖിംപൂരിൽ കൊല്ലപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് മഹാരാഷ്ട്രയിൽ എൻ സി പി കോൺഗ്രസ് -ശിവസേന എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്.
കർഷകർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രതവും ആചരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News