കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല; നെടുമുടിയുടെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു.

നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേര്‍പാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും.

ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേര്‍ത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടുചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങള്‍ക്ക്.

ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായില്ല…മോഹന്‍ലാല്‍ കുറിച്ചു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here