ഉത്ര വധക്കേസ്; പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷിച്ചു, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി

കൊല്ലം ഉത്ര വധക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി അനിൽകാന്ത്. ബുദ്ധിമുട്ടേറിയതും അപൂർവ്വവുമായ കേസായിരുന്നു ഇതെന്നും പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷണം നടത്തിയെന്നും അനിൽകാന്ത് പറഞ്ഞു.

പാമ്പിൻറെ കടിയുടെ ആഴം വിശദമായി പരിശോധിച്ചത് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കോടതി തീരുമാനിക്കുമെന്നും അനിൽ കാന്ത് കൂട്ടിച്ചേർത്തു.

കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി വിധി. ഉത്ര കൊല്ലപ്പെട്ട് ഒരു വർഷവും അഞ്ചു മാസവും നാലു ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിൽ വിധിപ്രസ്താവം തുടങ്ങിയത്. കോടതിയിൽ നിർവികാരനായിരുന്നു സൂരജ്. പ്രതിയെ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുംപറയാനില്ല എന്നായിരുന്നു സൂരജിൻറെ മറുപടി.

കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്.

മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പുസാക്ഷിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like