കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി. പട്ടികയിൽ തങ്ങൾ നിർദ്ദേശിച്ച പേരുകൾ ഉൾപ്പെടുത്താത്തത്തിലുള്ള കടുത്ത അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ ദേശീയ നേതൃത്വത്തിനെ അറിയിച്ചു.

രണ്ട് ദിവസം നീണ്ട മാരത്തൺ ചർച്ചകൾ എങ്ങും എത്താതെ ആണ് അവസാനിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ദില്ലിയിൽ എത്തിയ വെള്ളിയാഴ്ച രാത്രി മുതൽ തിരക്കിട്ട ചർച്ചകളിൽ ആണ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെസി വേണുഗോപാൽ എന്നിവരുമായി ഇരു നേതാക്കളും ഒന്നിലേറെ തവണ ചർച്ചകൾ നടത്തിയിരുന്നു.

അമ്പത്തി ഒന്നംഗ അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കും മുൻപ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ നൽകിയ പേരുകൾ പരിഗണിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞത്. പക്ഷേ ഞായറാഴ്ച രാത്രി ഉൾപ്പടെ ഈ നേതാക്കളുമായി ചർച്ച നടത്തിയിട്ടും പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ സാധിച്ചില്ല. മുൻ കെപിസിസി അധ്യക്ഷന്മാർ ചർച്ചകളിൽ അതൃപ്തിയുമായി രംഗത്ത് എത്തിയിരുന്നു.

കെ മുരളീധരനോട് ചർച്ച നടത്തിയ കെ സുധാകരനും, വിഡി സതീശനും മറ്റുള്ളവരെ ഒഴിവാക്കിയെന്നാണ് പരാതി. മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരൻ, എംഎം ഹസൻ എന്നിവരുമായി വിഡി സതീശനും, കെ സുധാകരനും ചർച്ച നടത്തിയില്ല എന്നാണ് ആക്ഷേപം.

ഉമ്മൻചാണ്ടി, ചെന്നിത്തലയുമായി മാത്രം ചർച്ച നടത്തുന്നതിലും നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ട്. ഈ സാഹചര്യത്തിലാണ് പട്ടിക സമാർപ്പിക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങിയത്. പട്ടിക വൈകുന്നതിൽ അതൃപ്തി ഹൈക്കമാൻഡും അറിയിച്ചിട്ടുണ്ട്. പട്ടിക ഇന്ന് സമർപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു എങ്കിലും താരിഖ് അൻവർ ബിഹാറിലേക്ക് പോയി. ലിസ്റ്റില്‍ വനിതാ പ്രാതിനിധ്യത്തിനായി സാധ്യത കൽപ്പിക്കുന്ന പത്മജാ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരുടെ കാര്യത്തിലും തീരുമാനം ആയില്ല എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News