ആസ്വദിച്ച് മതിയാകും മുമ്പേയാണ് അവിചാരിതമായി അദ്ദേഹത്തിന്റെ ഈ അരങ്ങൊഴിയല്‍; അനുശോചിച്ച് എം എ ബേബി

മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം എ ബേബി. നമ്മുടെ പ്രതിഭാശാലികളായ അഭിനേതാക്കളില്‍ ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന കലാകാരന്‍ നെടുമുടി വേണുവിന്റെ വേര്‍പാട് തികച്ചും അപ്രതീക്ഷിതമായിരുന്നു.

അദ്ദേഹത്തിന് അഭിനയിച്ചും ചൊല്‍ക്കാഴ്ച നയിച്ചും മതിയായിരുന്നുവോ എന്ന്അറിഞ്ഞുകൂടാ. എന്നാല്‍ നമുക്ക് അവ ആസ്വദിച്ച് മതിയാകും മുമ്പേയാണ് അവിചാരിതമായി അദ്ദേഹത്തിന്റെ ഈ അരങ്ങൊഴിയല്‍.

നായകനായും പ്രതിനായകനായും സഹനടനായും സ്വഭാവനടനായും ഹാസ്യനടനായും ഒരുകള്ളിയിലും പെടുത്താനാവാത്ത അഭിനയാവിഷ്‌ക്കാരമായും എല്ലാം തിളങ്ങിയ മഹാനടനെയാണ് നമുക്ക് നഷ്ടമായത്.എങ്കിലും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുക തന്നെ ചെയ്യും എന്നതില്‍ ഒരാള്‍ക്കും സംശയമുണ്ടാവില്ല.

‘തകര, കള്ളന്‍പവിത്രന്‍, ‘ഇന്‍ഡ്യന്‍, ‘ ‘യവനിക ‘തുടങ്ങി വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ, ലഭിച്ചതെന്തും ആ കരങ്ങളില്‍ മികച്ചതാവും എന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ അദ്ദേഹം തന്റെ പ്രവൃത്തിയെ അതീവഗൌരവത്തോടെ സമീപിച്ചു.

ഇത് നാടകം ,സിനിമ ,സീരിയല്‍ ,ചൊല്‍ക്കാഴ്ച എന്നുതുടങ്ങി താന്‍ ഉള്‍പ്പെട്ട എല്ലാ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്കും ബാധകമായ മാനദണ്ഡമായിരുന്നു. 1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പ് ‘ എന്ന അസാധാരണ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച ശ്രീ നെടുമുടി വേണു,കാറ്റത്തെ കിളിക്കൂട് ,ഒരു കഥ ഒരു നുണക്കഥ,സവിധം തുടങ്ങിയ എട്ട് ചിത്രങ്ങള്‍ക്ക് കഥ എഴുതുകയും പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991 ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കൈവന്നു.

2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 1981, 1987, 2003 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കിയ കലാകരനെയാണ് ഇന്ന് നമുക്ക് നഷ്ടമായത്. വ്യക്തിപരമായി വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഞങ്ങളുടേത് എന്നും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അവരെ എന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here