അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോള്‍, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളം: തോമസ് ഐസക്

തീര്‍ത്തും അപ്രതീക്ഷിതമായി നെടുമുടി വേണു വിട പറയുമ്പോള്‍, അപരിഹാര്യമായ ശൂന്യതയുടെ നടുക്കത്തിലാണ് മലയാളമെന്ന് ഡോ. ടി എം തോമസ് എൈസക്. സിനിമയിലും നാടകത്തിലും പത്ര – സാഹിത്യ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച് കേരളത്തിനു പുറത്തും നാടിന്റെ അഭിമാനമായി വളര്‍ന്ന വ്യക്തിത്വമാണ് പൊടുന്നനെ അണഞ്ഞു പോയത്. ഇനി നമുക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മാത്രം.

സ്‌കൂള്‍ കാലത്തേ സാഹിത്യകമ്പമുണ്ടായിരുന്ന നെടുമുടി വേണു, കാവാലത്തിന്റെ നാടകപ്രസ്ഥാനത്തിലൂടെയാണ് അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. അരവിന്ദനെയും ഭരതനെയും പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള കാല്‍വെപ്പ്.

നാടകത്തെയും സിനിമയെയും വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷണവ്യഗ്രരായ കുലപതികളുടെ സൃഷ്ടികളിലൂടെ അഭിനയരംഗത്തെത്തിയ നെടുമുടി വേണു, അനായാസം കച്ചവട സിനിമകളിലെയും കലാമൂല്യമുള്ള സിനിമകളുടെയും അവിഭാജ്യഘടകമായി.

അനന്യമായ അഭിനയശൈലിയും ശരീരഭാഷയും സംഭാഷണരീതിയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. വായനയുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെയും ഗാംഭീര്യം ആ ശൈലിയെ എപ്പോഴും വേറിട്ടു നിര്‍ത്തി.

ഇനി തങ്ങള്‍ക്കൊപ്പം നെടുമുടി വേണു ഇല്ല എന്ന യാഥാര്‍ത്ഥ്യത്തോട് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എങ്ങനെ പൊരുത്തപ്പെടുമെന്നറിയില്ല. അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നു. നെടുമുടിവേണുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73)  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News