കോഴിക്കോട് കനത്ത മഴ; ജില്ലയിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷമാവുന്നു. വടക്കന്‍ കേരളത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോട് പല സ്ഥലങ്ങളിൽ‍ വീടുകളില്‍ വെള്ളം കയറി. മാവൂർ റോഡും വെള്ളത്തിനടിയിലായി. കോഴിക്കോട് താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ പല റോഡുകളിലും വെള്ളം കയറിയ സാഹചര്യത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉള്ളത്.അത്യാവശ്യമില്ലാത്തവർ യാത്ര മാറ്റി വെക്കണമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസ് അറിയിച്ചു.

കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.വെളളയിൽ കാട്ടുവയൽ കോളനിയിൽ വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോര മേഖലകളിലും ശക്തമായ മഴയാണ്.

അമ്പലത്ത്കുളങ്ങര, കുമാരസാമി എന്നിവിടങ്ങളിൽ കടകളിൽ വെള്ളം കയറി.പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. ചാത്തമംഗലം സൗത്ത് അരയങ്കോട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങൾ തകർന്നു. കുവുങ്ങ് വീട്ടിന് മുകളിൽ വീണ് വീട് ഭാഗികമായി തകർന്നു. പനങ്ങോട് വീടിന്റെ മുകളിൽ സംരക്ഷണ ഭിത്തിയും തകർന്നു. മാവൂർ മേച്ചേരി കുന്നിൽ വീടിന് മുകളിക്ക് ഉണ്ടായി. ആർക്കും പരിക്കില്ല. കണ്ണൂരിന്റെ മലയോര മേഖലയിൽ മഴ തുടരുന്നു.

കണ്ണൂർ ആറളത്ത് കക്കുവ, ചീങ്കണ്ണി, പുഴകളിൽ ജലനിരപ്പ് ഉയർന്നു. കക്കുവ ചപ്പാത്ത് പാലം കരകവിഞ്ഞൊഴുകിയതിനാൽ ആറളം ഫാമിലെ 13, 55 ബ്ലോക്കുകൾ ഒറ്റപ്പെട്ടു. ആറളം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കുടക് വനത്തിൽ ശക്തമായി മഴ തുടരുന്നതിനാൽ കണ്ണൂരിലെ അതിർത്തി പ്രദേശങ്ങളിലുള്ള പുഴയോര വാസികൾക്ക് ജാഗ്രത നിർദേശം നൽകി. വയനാട് മാനന്തവാടി വൈത്തിരി താലൂക്കുകളിൽ മഴയുണ്ട്‌. കാസർകോട് മഴ കുറവാണെങ്കിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel