പാലക്കാട് കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട് ജില്ലയിലും കനത്ത മഴ. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ മഴയില്‍ അട്ടപ്പാടി ചുരത്തിലെ പത്താംവളവില്‍ മണ്ണും പാറക്കെട്ടുകളും റോഡിലേക്ക് വീണ് മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മണ്ണും കല്ലുകളും മാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഒന്‍പതാം വളവിലും ഏഴാം വളവിലും മരം കടപുഴകി റോഡിലേക്ക് വീണത് നീക്കം ചെയ്തു. മണ്ണാര്‍ക്കാട് മേഖലയിലും ശക്തമായ മഴ തുടരുകയാണ്. അലനല്ലൂര്‍ കണ്ണംകുണ്ട് ക്രോസ് വേ, ചങ്ങലീരി ക്രോസ് വേ, കോല്‍പ്പാടം ക്രോസ് വേ തുടങ്ങിയവ വെള്ളത്തിനടിയിലായി.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള കാഞ്ഞിരപ്പുഴ പൂഞ്ചോല പാന്പന്‍തോട് ആദിവാസി കോളനിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. നെല്ലിയാമ്പതി ചുരത്തില്‍ മരം റോഡിലേക്ക് വീണെങ്കിലും ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിച്ചു. പാലക്കാട് നഗരത്തില്‍ കല്പാത്തി തോട്ടുപാലത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കോളനിയില്‍ വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രമീകരിക്കുന്നതിനായി ശിരുവാണി, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. പറന്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News