എല്ലാ ക്യാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ കോളജുകളിൽ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ പ്രിൻസിപ്പൽമാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുന്നത്. കലാലയങ്ങൾ ഒക്ടോബർ 18 മുതൽ പൂർണ്ണമായും തുറന്നുപ്രവർത്തിക്കുകയാണ്. അവസാനവർഷ വിദ്യാർത്ഥികൾ ഇതിനകം വന്നുതുടങ്ങി. ആവശ്യമായ കൂടിയാലോചനകൾ നടത്തി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരം വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ നടക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് യോഗത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

കൊവിഡ് അവലോകന സമിതിയുടെ നിർദ്ദേശങ്ങൾക്ക് കീഴ്പെട്ടു മാത്രമേ ക്യാമ്പസുകൾക്ക് പ്രവർത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ക്യാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികൾ എല്ലാ കാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഈ സമിതികൾ നടത്തണം. ക്‌ളാസ് മുറികളും വിദ്യാർഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വർഷ വിദ്യാർത്ഥികൾ വരുംമുമ്പ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കൽക്കൂടി ഉറപ്പുവരുത്തണം.

വാക്‌സിനേഷൻ ഡ്രൈവ് മികച്ച രീതിയിൽ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കായി ഈ യത്നം കൂടുതൽ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങൾ അവധിദിനങ്ങളാണ്. വാക്‌സിനേഷൻ ഡ്രൈവ് ഈ ദിവസങ്ങളിൽ കാര്യമായി നടക്കാൻ സ്ഥാപനമേധാവികൾ മുൻകൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച വിശദമായ ക്ലാസ്സോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും വിശദമായ ക്ലാസുകൾ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ കേന്ദ്രീകരിച്ച ക്ളാസുകൾ ഉടനുണ്ടാകും.

പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉൽക്കണ്ഠാകരമായ അന്തരീക്ഷം വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്നു. കൊവിഡ് സാഹചര്യം കുട്ടികളുടെ മാനസികനിലയെ ഇതിനകം തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കാമ്പസുകളിൽ കൗൺസലിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഇവ സംബന്ധിച്ച് വിശദമായ സർക്കുലർ ഉടൻ ഉണ്ടാകും.

ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും അവ ഉപയോഗിക്കാൻ അവസരമുണ്ടാക്കണം.

ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികൾ വരുന്നുണ്ട്. കൊവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും അന്തരീക്ഷമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണം.

പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. നാക് മാനദണ്ഡങ്ങൾ പാലിക്കപെടുമെന്ന് ഉറപ്പാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം. എ പ്ലസ് ഗ്രേഡുകൾതന്നെ നേടണമെന്ന നിലയ്ക്കാവണം പരിശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News