കെപിസിസി പുനഃസംഘടന: ഒടുവില്‍ തര്‍ക്കങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ സുധാകരന്‍

കെപിസിസി പുനഃസംഘടനാ പട്ടികയിൽ ചെറിയ ചില തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് കെ.പി സി സി അധ്യക്ഷൻ കെ.സുധാകരൻ. തൃശൂർ കോഴിക്കോട് ഡിസിസി അധ്യക്ഷന്മാര്‍ക്ക് എന്ത് പദവി നൽകും എന്നതാണ് തർക്കവിഷയം. വനിതകൾക്ക് മാനദണ്ഡത്തിൽ ഇളവ് അനുവദിക്കേണ്ടിവരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. തര്‍ക്കമുണ്ടായിരുന്ന 4ഓളം പേരുകളില്‍ കെ സുധാകരന്‍ കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക കൈമാറിയത്.

അതേസമയം കെസി വേണുഗോപാലും കെ സുധാകരനും തമ്മില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. കെ സിയുടെ അനാവശ്യ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പൊട്ടിവീണ നേതാവല്ല താനെന്നും, തന്നോട് അടുപ്പം ഉളളവര്‍ പട്ടികയില്‍ ഉണ്ടാവുന്നത് സ്വാഭാവികമെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി. പട്ടിക എപ്പോള്‍ വരുമെന്ന് പറയാന്‍ താന്‍ ജോല്‍സ്യനല്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കെസി വേണുഗോപാലിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം തന്നെ പട്ടിക സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പട്ടിക നല്‍കാതെ ചര്‍ച്ചകള്‍ മതിയാക്കി മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചായിരുന്നു കെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. പട്ടികയില്‍ അടുപ്പക്കാരെ ഉള്‍പ്പെടുത്താന്‍ കെസി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന പരാതിയാണ് സംസ്ഥാന നേതൃത്വതിനുള്ളത്.

തൃശൂര്‍ മുന്‍ ഡിസിസി അധ്യക്ഷന്‍ ആയിരുന്നു വിന്‌സെന്റിന്റെ കാര്യത്തിലടക്കം കെസി ഇടപെടല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.. ഇവരെ ഉള്‍പ്പെടുത്താന്‍ മാനദണ്ഡങ്ങള്‍ മാറ്റാനും കെസി ഇടപെട്ടു.. എന്നാല്‍ കെസിയുടെ നിര്‍ദേശങ്ങള്‍ അതേ പടി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

കെസി, സുധാകരന്‍, സതീശന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇടപെടല്‍ നടത്തിയില്ലെന്ന വാദവുമായി കെസി വേണുഗോപാല്‍ രംഗത്തുവന്നു.. പക്ഷെ ഭിന്നത വ്യക്തമാക്കുന്നതയിരുന്നു കെസിയുടെ പ്രതികരണം.ഒരു ദിവസം കൊണ്ട് പൊട്ടിവീണ നേതാവല്ല താനെന്നും അടുപ്പം ഉളളവര്‍ പട്ടികയില്‍ ഉണ്ടാവുന്നത് സ്വാഭാവികമെന്നുമുള്ള പ്രതികരണം കെസി ഇടപെടല്‍ നടത്തിയെന്ന് സ്വയം സമ്മതിക്കുന്നതാണ്.

മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് കേരളത്തിലെ നേതാക്കള്‍ ആണെന്നും മാറ്റം വരുത്തണം എങ്കില്‍ അവര്‍ തീരുമാനിക്കണമെന്നും പറഞ്ഞ കെസി പട്ടിക എപ്പോള്‍ വരുമെന്ന് പ്രവചിക്കാന്‍ താന്‍ ജോല്‍സ്യനല്ലെന്നും പ്രതികരിച്ചു. ഇതോടെ കെസി സുധാകരന്‍ പോര് വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here