മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി എം കുട്ടി മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി എം കുട്ടി മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക. മമ്മൂക്കയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് വി എം കുട്ടി മാഷ്. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മാന്ത്രികന്‍. നിരവധി മാപ്പിളപ്പാട്ടുകള്‍ രചിച്ചും, നിരവധി മാപ്പിളപ്പാട്ടുകള്‍ക്ക് ഈണം നല്‍കിയും മാപ്പിളപ്പാട്ടിന്റെ ഈ സുല്‍ത്താന്‍ പുതുചരിത്രം രചിച്ചു.

കൈരളിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയാണ് വി എം കുട്ടി മാഷ്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ‘ഇശല്‍ നിലാവ്’ എന്ന പരിപാടിയില്‍ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. തുടക്കം മുതല്‍ തന്നെ കൈരളി ചാനലിന്‍റെ ഭാഗമായിരുന്നു മാഷ്. കൈരളിയുടെ ഇശല്‍ ലൈല അവാര്‍ഡും വിഎം കുട്ടി മാഷിന് ലഭിച്ചു. പാട്ടിലും രൂപത്തിലും ഇടപെടലുകളിലും എന്നും യുവത്വം കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തികൂടിയാണ് വി എം കുട്ടി മാഷ്.

കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ടു ഗായകനും കവിയുമായിരുന്നു വിഎം കുട്ടി. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്. 1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതും വിഎം കുട്ടിയാണ്.

‘സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം” 1984 ല്‍ വാഴപ്പള്ളി മുഹമ്മദ് എഴുതിയ ഈ വരികള്‍ക്ക് സംഗീതം നല്‍കി വി.എം കുട്ടി പാടുന്നത് കേള്‍ക്കുമ്പോള്‍ ഒന്നു തുള്ളിപോകാത്ത മലയാളിയുണ്ടാകില്ല. ”ആറ്റുനോറ്റ് ഞാന്‍ കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി” ഒപ്പം പാടി നോക്കാത്തവരുണ്ടാകില്ല. പടപ്പുകള്‍ ചെയ്യുന്ന, ഹക്കാന കോനമറാല്‍, യാ ഇലാഹി ഇരു കരം നീട്ടി കരയുന്നേ, ഒട്ടേറെ ജാതിമതം, അന്നിരുപത്തൊന്നില്‍… ഇങ്ങനെ സംഗീതം നല്‍കുകയോ, ആലപിക്കുകയോ വരികള്‍ രചിക്കുകയോ ചെയ്ത് വി.എം കുട്ടി ജനമനസ്സില്‍ ഇടം നല്‍കിയ മാപ്പിളപ്പാട്ടുകള്‍ നിരവധിയാണ്.

പ്രാദേശികമായി നിലനിന്നിരുന്ന മാപ്പിളപ്പാട്ടിനെ ഓര്‍ക്കസ്ട്ര രൂപത്തിലേക്ക് കൊണ്ടുവന്ന് ബഹുമുഖ സമൂഹത്തില്‍ അവതരിപ്പിക്കുകയും ആലാപനം, ഗാനരചന, ഗ്രന്ഥ രചന എന്നീ തലങ്ങളില്‍ സംഭാവന നല്‍കുകയും ചെയ്ത കലാകാരനായിരുന്നു വി.എം. കുട്ടി. ഗള്‍ഫ് നാടുകളിലടക്കം ഇദ്ദേഹം അവതരിപ്പിച്ച മാപ്പിളപ്പാട്ട് പരിപാടികള്‍ കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്തി.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മാനവിക സന്ദേശങ്ങള്‍ പരിചയപ്പെടുത്തുന്ന പാട്ടുകളുമായി പുതിയ കാലത്തെ തിരിച്ചറിഞ്ഞു. പുതിയ കാലത്തെ സംവിധാനങ്ങളെ പ്രവര്‍ത്തന രംഗത്ത് ഉപയോഗപ്പെടുത്താനും ഇദ്ദേഹം ഒട്ടും മടിച്ചില്ല. വിളയില്‍ ഫസീല, ചാന്ദ് പാഷ, വടകര കൃഷ്ണദാസ് തുടങ്ങീ നിരവധി പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. കോഴിക്കോട് ബാബുരാജുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. വിളയില്‍ ഫസീല- വി.എം കുട്ടി ടീം മാപ്പിളപ്പാട്ടിന്റെ പര്യായമാകുന്ന തരത്തില്‍ അസംഖ്യം പരിപാടികള്‍ അവതരിപ്പിച്ചു.

ഏഴു സിനിമകളില്‍ പാട്ടുകള്‍ പാടിയ ഇദ്ദേഹം സംഗീത സംവിധാനരംഗത്തും ഗാനരചനാ രംഗത്തും സംഭവനകള്‍ നല്‍കി. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്. 1935ല്‍ ഉണ്ണീന്‍ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957ല്‍ കൊളത്തൂരിലെ എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി. 1985ല്‍ അധ്യപനരംഗത്ത് നിന്ന് വിരമിച്ചു.

1954ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957ല്‍ ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചു.

ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയില്‍ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റുകള്‍ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി അടക്കം എട്ടോളം സിനിമകളില്‍ പാടിയ വി.എം. കുട്ടി മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എം.എന്‍. കാരശ്ശേരിയുമായി ചേര്‍ന്ന് ‘മാപ്പിളപ്പാട്ടിന്റെ ലോകം’ എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് ലോകം, മാപ്പിളപ്പാട്ടിന്റെ തായ്വേര്, മാപ്പിളപ്പാട്ടിന്റെ വര്‍ത്തമാനം എന്നീ ഗ്രന്ഥങ്ങളും രചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News