ഉത്രവധക്കേസ്; ജീവപര്യന്തത്തിന്‍റെ നി‍ഴലില്‍ ആളനക്കങ്ങളില്ലാതെ സൂരജിന്‍റെ വീട്; വിധിയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ..

ഉത്രവധക്കേസിൽ പ്രതി, ഇരട്ട ജീവപര്യന്തo ശിക്ഷയേറ്റുവാങ്ങുമ്പോഴും പത്തനംതിട്ട അടൂർ പറക്കോട്ടെ സൂരജിന്‍റെ വീട് പൂട്ടിയ നിലയിലായിരുന്നു. പ്രതീക്ഷിച്ച  വിധി നടപ്പിലായില്ലെങ്കിലും അതിനു തക്ക ശിക്ഷ നൽകിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ.കേസിന്‍റെ തുടക്കത്തിൽ പ്രത്യാരോപണങ്ങളായിരുന്നു സൂരജിന്‍റെ  കുടുംബം ഉയർത്തിയത്. പിന്നീട്  പ്രതി ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞതോടെ കുടുംബം മൗനത്തിലേക്ക് നീണ്ടു.

അവസാനം കോടതിയിൽ നിന്ന് സൂരജ്  ശിക്ഷാവിധി  ഏറ്റുവാങ്ങിയപ്പോഴും  അടുർ പറക്കോട്ടെ സ്വന്തം വീടായ സൂര്യയിലെ വീട്ടിൽ ആളനക്കങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.  വീടിന്‍റെ വാതിലുകൾഅടഞ്ഞു തന്നെ കിടന്നു.

അച്ഛൻ സുരേന്ദ്രൻ , അമ്മ രേണുക ,സഹോദരി സൂര്യ എന്നിവരാണ് നിലവിൽ  പറക്കോട്ടെ വീട്ടിൽ കഴിയുന്നത്.  ഇതിനിടെ  വിധിയിൽ വൈകാരികമായാണ് നാട്ടുകാർ  പ്രതികരിച്ചത്. ചിലരിൽ വിധി നിരാശജനിപ്പിച്ചെങ്കിലും അർഹമായ ശിക്ഷയിൽ സന്തോഷമുണ്ടെന്ന് ഇവർ വ്യക്തമാക്കി. വരും നാളുകളിൽ  അഭിഭാഷകൻ മുഖേന  സൂരജിൻ്റെ കുടുംബം വിധിക്കെതിരെ  മേൽകോടതിയെ സമീപിക്കുമെന്ന സൂചനകൾ പോലും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

എന്നാല്‍, സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ പ്രതികരണവുമായി സുപ്രീംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി. നീതി നടപ്പിലാക്കിയ കൊല്ലം കോടതിക്കും, ജഡ്ജിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനൊപ്പം വധശിക്ഷ നീതിയല്ല നീതി നിഷേധവും കൊലപാതകവുമാണെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..

പൊതുബോധത്തെ ബോധ്യപ്പെടുത്താനല്ല ജഡ്ജി ശ്രമിക്കേണ്ടത് ഉന്നതമായ നീതി നടപ്പിലാക്കേണ്ടതിനാണ്….
നീതി നടപ്പിലാക്കിയ കൊല്ലം കോടതിക്കും, ജഡ്ജിനും അഭിവാദ്യങ്ങള്‍
വധ ശിക്ഷയ്‌ക്കെതിരെ ലോകം മുഴുവന്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടും 150 ലധികം രാജ്യങ്ങള്‍ ഈ പ്രാകൃത ശിക്ഷാ രീതി ഉപേക്ഷിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇത് പിന്തുടരുന്നത് അക്ഷരാര്‍ത്ഥത്തില്‍ നാണക്കേടാണെന്നതില്‍ സംശയം ഇല്ല.

ഗള്‍ഫ് രാജ്യങ്ങളിലെ ശരീഅത്ത് നിയമങ്ങള്‍ അനുശാസിക്കുവിധം നമ്മുടെ രാജ്യത്തും കുറ്റവാളികളെ തലയറുത്ത് കൊല്ലണമെന്നും പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്നും , കല്ലെറിഞ്ഞു കൊല്ലണം എന്നും പറയുന്ന ഒരു വലിയ സമൂഹം വൈകാരികമായ മാത്രമാണ് ഇത്തരം സംഭവങ്ങളെ സമീപിക്കുന്നത്. പ്രാകൃതമായ മേല്‍ സൂചിപ്പിച്ച ശിക്ഷാ രീതികള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ച രാജ്യങ്ങളെക്കാള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മുന്‍പില്‍ നിക്കുന്നു എന്ന വസ്തുത ഇത്തരം ആളുകള്‍ മനസിലാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ജനങ്ങളുടെയും മാധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി സ്വാധീനിക്കപ്പെടുകയോ മുന്‍വിധിയോടെ വിചാരണയെ കാണുകയോ ചെയ്തില്ല എന്നതിന്റെ അന്തിമ സാക്ഷ്യമാണ് ഇന്നത്തെ ഉത്ര കേസ് കോടതി വിധി.

സംഭവം നടന്ന കേരളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിചാരണകോടതിയും ഹൈക്കോടതിയും ഉള്‍പ്പെടെ ഉന്നത കോടതികള്‍ നേരത്തെ പറഞ്ഞുവെച്ച to satisfy the collective conscience of the Indian society അല്ലെങ്കില്‍ സമൂഹത്തിന്റെ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്ന ഒരു കാര്യം കണക്കിലെടുത്തു മുന്‍വിധിയോടെ ഈ കേസിനെ സമീപിച്ചിട്ടില്ല എന്നതില്‍ ചാരുഥാര്‍ഥ്യമുണ്ട്.
the profound moral question is not, ‘Do they deserve to die?’ but ‘Do we deserve to kill them?’.

ഗൗരി എന്ന ഓട്ടോ ശങ്കറെ 1955 ലും, രംഗ എന്നറിയപ്പെടുന്ന കുല്‍ജീത് സിങ്ങിനെയും, ബല്ല എന്ന ജസ്ബിര്‍ സിങ്ങിനെയും 1982 ലും, ധനജയ് ചാറ്റര്‍ജിയെ 2004 ലും റേപ്പിനും, കൊലപാതകത്തിനും കുറ്റവാളികളാണെന്നു കണ്ടെത്തി ഇന്ത്യന്‍ ഭരണകൂടം തൂക്കി കൊന്നതാണ്. ഏറ്റവും ഒടുവില്‍ വിചാരണപോലുമില്ലാതെ ഹൈദരാബാദില്‍ 4 പ്രതികളെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നും ശിക്ഷ നടപ്പിലാക്കി. എന്നാല്‍ ഈ വധശിക്ഷകള്‍ക്കും, ഇസ്റ്റന്റ് ജസ്റ്റിസ് നടപ്പാക്കലുകള്‍ക്ക് ശേഷവും രാജ്യത്ത് റേപ്പ് കേസുകളും, കൊലപാതക കേസുകളും കൂടുക എന്നല്ലാതെ കുറഞ്ഞിട്ടില്ല എന്ന് രേഖകള്‍ വ്യക്തമാകുന്നു. അന്താരാഷ്ട്ര പഠനങ്ങളും, ഏറ്റവും ഒടുവിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിയും വ്യക്തമാകുന്നത് വധശിക്ഷകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല എന്ന നഗ്‌നമായ സത്യമാണ്.

കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ആരുടെയും ജീവനെടുക്കത്. പരോളില്ലാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ എന്നതാണ് യഥാര്‍ത്ഥ ശിക്ഷ. ഓരോ ശിക്ഷയും ഓരോ സഹായങ്ങളാകണം. തിരിച്ചറിവിനും പശ്ചാത്താപത്തിനുമായി പൗരന്മാര്‍ക്ക് ഭരണകൂടത്തിലൂടെ രാജ്യത്തിന്റെ സഹായം.

വികസിത രാജ്യങ്ങള്‍ വിവേകത്തോടെ വധ ശിക്ഷകള്‍ നിരോധിക്കുമ്പോള്‍ ഗാന്ധിയുടെ മണ്ണില്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് കൊലപാതകം അരങ്ങേറുന്നത് അങ്ങേയറ്റം അപമാനകരമാണെങ്കിലും ഇന്നത്തെ കോടതി വിധി നീതിന്യായ വ്യവസ്ഥക്ക് പ്രതീക്ഷയെക്കുന്നതാണ്.
പൊതുജന സംരക്ഷണത്തിനായാണ് നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
എന്നതുകൊണ്ടുതന്നെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ #ശിക്ഷയും ഒരു #സഹായമാണ്.

ഏതൊരു മനുഷ്യനും സമൂഹത്തില്‍ നിന്നും സഹായമഭ്യര്‍ഥിക്കാന്‍ അവകാശമുണ്ട്. കൊലപാതക
കുറ്റക്കാര്‍ക്കുള്‍പ്പെടെ..
പരോളുകളില്ലാതെ ജീവിതം മുഴുവന്‍ തടവറയില്‍ കഴിയേണ്ടി വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരു കുറ്റവാളി #ജീവനോടെ #വധിക്കപ്പെടുന്നത്.

സമാനതകളില്ലാത്ത ക്രൂരതകള്‍ക്കിരയായി ജീവന്‍ നഷ്ട്ടമായ പെണ്‍കുട്ടിയോടും, ബന്ധുക്കളോടുമുള്ള എല്ലാവിധ ബഹുമാനവും, ആദരവും, സഹാനുഭൂതിയും നിലനിര്‍ത്തിക്കൊണ്ടു റയട്ടെ വധശിക്ഷ നീതിയല്ല നീതി നിഷേധവും കൊലപാതകവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News