ഉത്ര കൊലക്കേസ്; വിധിയെ സ്വാഗതം ചെയ്യുന്നു, സമാനതകളില്ലാത്ത കുറ്റകൃത്യം പൊലീസ് അന്വേഷിച്ചത് സമര്‍ത്ഥമായി: വനിതാ കമ്മീഷന്‍

ഉത്ര കൊലക്കേസ് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റം മികവുറ്റ രീതിയില്‍ തെളിയിച്ച കേരള പൊലീസിനെ പി സതീദേവി അഭിനന്ദിച്ചു. സമാനതകളില്ലാത്ത കുറ്റകൃത്യം സമര്‍ത്ഥമായാണ് പൊലീസ് അന്വേഷിച്ചത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു.

അതേസമയം, ഉത്ര കേസിലെ ശിക്ഷാ വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പിഴവുകളാണ് രാജ്യത്ത് ഇത്തരത്തിലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും മണിമേഖല മാധ്യമങ്ങളോട് പറഞ്ഞു.
കേരളം ഒന്നടങ്കം കാതോര്‍ത്തിരുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായ ഉത്ര കൊലക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും വിധിച്ച കോടതി വിധിയ്‌ക്കെതിരെയാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം.

കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പരമോന്നത ശിക്ഷയായിരുന്നു നല്‍കേണ്ടിയിരുന്നത്. അതാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ഒരു പ്രതിക്ക് അതിനനുസരിച്ചുള്ള ശിക്ഷാനടപടി ഇല്ലെങ്കില്‍ നമ്മുടെ സമൂഹം എവിടേക്ക് പോകുന്നു എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക എന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

ഇതിനിടെ  വിധിയിൽ വൈകാരികമായാണ് നാട്ടുകാർ  പ്രതികരിച്ചത്. ചിലരിൽ വിധി നിരാശജനിപ്പിച്ചെങ്കിലും അർഹമായ ശിക്ഷയിൽ സന്തോഷമുണ്ടെന്ന് ഇവർ വ്യക്തമാക്കി. വരും നാളുകളിൽ  അഭിഭാഷകൻ മുഖേന  സൂരജിൻ്റെ കുടുംബം വിധിക്കെതിരെ  മേൽകോടതിയെ സമീപിക്കുമെന്ന സൂചനകൾ പോലും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News