ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന കന്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.

കൊവിഡ് കാലത്ത് രണ്ടുമാസം നിര്‍ത്തിവെച്ച സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് 25ന് പുനഃരാരംഭിച്ചപ്പോള്‍ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവന്നത്.

കൊവിഡിന് മുന്‍പുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബര്‍ 18 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ഒക്ടോബര്‍ ഒന്പതിന് ഇന്‍ഡ്യന്‍ വിമാനക്കന്പനികള്‍ 2,340 ആഭ്യന്തര സര്‍വീസുകളാണു നടത്തിയത്. ഇതു കൊവിഡിനു മുന്‍പുള്ള ശേഷിയുടെ 71.5 ശതമാനമാണെന്നു വാര്‍ത്താ ഏജന്‍സി പി ടി ഐ റിപോര്‍ട്ട് ചെയ്തു.

നിലവിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്തും വിമാന യാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതും കണക്കിലെടുത്താണു തീരുമാനമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ തീരുമാനം ഒക്ടോബര്‍ 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here