അത്രമേൽ അപൂർവങ്ങളിൽ അപൂർവമല്ലേ ഉത്രയും നീതിപീഠമേ………

ഉത്ര വധക്കേസ് വിധി വന്നതുമുതല്‍ സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും  17 വർഷം കഠിന തടവുമാണ് കോടതി വിധിച്ചത്.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.വിധിക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഇപ്പോ‍ഴിതാ അഭിഭാഷകയായ മായ സജിമോഹന്‍ കൈരളി ന്യൂസ് ഓണ്‍ലൈനോട് പങ്കു വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

തൻ്റെ മകളെ കൊന്ന കുറ്റവാളിക്ക് കൊലക്കയർ കിട്ടണം എന്ന് ആ അമ്മയ്ക്ക് തോന്നുന്നത് പോലും നമ്മളിൽ പലരും ന്യായീകരിക്കുന്നില്ല.
നിർഭയയും സൗമ്യയും ജിഷയും ഒക്കെ നമ്മുടെ മനസ്സിൽ നീറ്റലായി ഇപ്പോഴും നിൽക്കുന്നു.

പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളി അല്ലെന്നുള്ള വാദവും ഇത്രയും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകങ്ങളിൽ എങ്ങനെ ആണ് കുറ്റവാളിയെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ മതിയാകുന്നതെന്ന് അഡ്വ. മായ ചോദിക്കുന്നു.

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകം നടന്ന് ഒരു വർഷം കഴിയുമ്പോള്‍ നമ്മളെല്ലാം കാത്തിരുന്ന വിധി ഇന്ന് കോടതി പ്രസ്താവിച്ചിരിക്കുന്നു. കൊലപാതക കേസുകളിൽ സാധാരണയായി കാണുന്ന കാലതാമസം ഈ കേസിൽ കോടതിക്ക് വേണ്ടി വന്നില്ല എന്നുള്ളത് ശ്ലാഘനീയമാണ്.

പൊതുജനത്തിന് പലപ്പോഴും നീതി ന്യായ വ്യവസ്ഥയിൽ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുന്ന കാലതാമസം ഉത്രയുടെ കേസിൽ ഉണ്ടായില്ല എന്നത് സമാന രീതിയിലുള്ള മറ്റു കേസുകളിൽ മാതൃക ആക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ പലപ്പോഴും കോടതിക്ക് മുന്നിൽ അതിനുള്ള തടസ്സങ്ങൾ നിരവധിയാണ്.

അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ കുറ്റം തെളിഞ്ഞാൽ പ്രതിക്ക് വധശിക്ഷ പറയുമ്പോൾ എങ്ങനെയാണ് ഇത്തരം കേസുകളിൽ കൊലയാളികൾ കൊലക്കയറിൽ നിന്നും ഊരി പോരുന്നത്? പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം നടത്തിയത് ഇന്ത്യയിൽ തന്നെ 3 കേസുകളിൽ ആണെന്നാണ് കണക്കുകൾ .

അവയിൽ തന്നെ രണ്ടു കേസുകൾ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കി. അവശേഷിച്ചത് സൂരജ് ആണ്. ഇന്ന് കൊല്ലം ജില്ല അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചപ്പോൾ നമ്മൾ പ്രതീക്ഷിച്ച നീതി ഉത്രയ്ക്ക് ലഭിച്ചോ? ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അക്കമിട്ട് പറയുന്ന വകുപ്പുകൾ ഉറപ്പാക്കുന്ന ശിക്ഷകൾ അപര്യാപ്തമോ?

അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ വധ ശിക്ഷ ഉറപ്പാക്കാൻ വേണ്ട കാര്യങ്ങള്‍ ഉത്രയുടെ കേസിൽ ഇല്ലാതെ പോയി. പ്രതിയുടെ പ്രായം സ്ഥിരം കുറ്റവാളി എന്നിങ്ങനെയുള്ളവ ഉത്ര കേസിൽ ഇല്ലാതെ പോയി.
വിധി പ്രസ്താവിച്ചപ്പോൾ മകളുടെ മരണത്തിന് ഉത്തരവാദി ആയവന് ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയത് നീതി ആയില്ലെന്ന് ആ അമ്മ മരവിച്ച മനസ്സോടെ പ്രതികരിച്ചു.

കുറ്റവാളികളുടെ മനുഷ്യാവകാശങ്ങളെ വിലകൽപ്പിക്കുന്ന സമൂഹത്തിനെ ആ അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല. അത് അവരുടെ തെറ്റല്ല . ഈ അവസരത്തിൽ വർഷങ്ങൾക്ക് മുൻപ് അതിക്രൂരമായി കൊലചെയ്യപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കര നാരായണനെ നമ്മൾ ഇനിയും മറന്നിട്ടില്ല.

തൻ്റെ മകളെ കൊന്ന കുറ്റവാളിക്ക് കൊലക്കയർ കിട്ടണം എന്ന് ആ അമ്മയ്ക്ക് തോന്നുന്നത് പോലും നമ്മളിൽ പലരും ന്യായീകരിക്കുന്നില്ല.
നിർഭയയും സൗമ്യയും ജിഷയും ഒക്കെ നമ്മുടെ മനസ്സിൽ നീറ്റലായി ഇപ്പോഴും നിൽക്കുന്നു.

പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളി അല്ലെന്നുള്ള വാദവും ഇത്രയും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകങ്ങളിൽ എങ്ങനെ ആണ് കുറ്റവാളിയെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ മതിയാകുന്നത്!

പല നിയമങ്ങളും പൊളിച്ചെഴുതിയ നീതിപീഠത്തിന് ഇത്തരം കേസുകളിൽ എപ്പോഴാണ് മാറി ചിന്തിക്കുവാനും സഞ്ചരിക്കുവാനും സാധിക്കുന്നത്!

അത്രമേൽ അപൂർവങ്ങളിൽ അപൂർവമല്ലേ ഉത്രയും നീതിപീഠമേ.

കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയായപ്പോള്‍ വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്.

ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

സ്ത്രീധനം എന്ന ദുരാചാരത്തിന്‍റെയും ഇരയായി ആണ് കൊല്ലം അഞ്ചലിലെ ഉത്ര  കൊല്ലപ്പെടുന്നത്. ഉത്രയ്ക്ക് കുടുംബം വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണത്തിനു പുറമേ മറ്റു സ്വത്തുക്കളും കൂടി സ്വന്തമാക്കാനായിരുന്നു ദാരുണമായ കൊലപാതകം.

നൂറു പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുളള കാറുമെല്ലാം സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്‍റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്‍കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു.

ഉത്രയുടെ അമ്മയുടെ നാലു പവന്‍ വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. മകളുടെ നല്ല ഭാവിയെ കരുതി അനിഷ്ടങ്ങളൊന്നുമില്ലാതെ ഉത്രയുടെ കുടുബം പണം നല്‍കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും സൂരജിന്‍റെ പണത്തോടുളള ആര്‍ത്തി അടങ്ങിയിരുന്നില്ല. ഉത്രയെ ഇല്ലാതാക്കി ഉത്രയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ സൂരജ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like