വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് അന്വേഷണം.

സോളാര്‍ കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് വിജിലന്റ്സ് പ്രഥമികാന്വേഷണം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും.

വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭായോഗം തീരുമാനിച്ചു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനമായത്. മുൻ മന്ത്രിയായതിനാൽ സർക്കാരിന്റേയും സംസ്ഥാന ഗവർണറുടേയും അനുമതി ആവശ്യമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും കോഴ നല്‍കിയെന്ന് സോളാർ കേസിലെ പ്രതി സരിതയാണ് വെളിപ്പെടുത്തിയത്.

1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ കമ്മീഷിനില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം വിജിലന്‍സ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. തനിക്ക് ആരും ഒരു കൈക്കൂലിയും തന്നിട്ടില്ല,വാങ്ങിയിട്ടുമില്ല.

സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താന്‍ ചെയ്തു നല്‍കിയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel