സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ആവശ്യമാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വാക്സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കും.

വാക്സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്സും ഉറപ്പാക്കും.

സ്കൂള്‍ തുറക്കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.

സംസ്ഥാന സര്‍ക്കാരിന്‍റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബര്‍ 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനതലത്തില്‍ നെഹ്റു ഹോക്കി സെലക്ഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കും.

കര്‍ണ്ണാടകയില്‍ ചികിത്സതേടി മരണപ്പെട്ട കാസര്‍കോട്ടുകാര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നത്തില്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മഴ കനത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 48 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News