സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകും. ഈ മാസം 21 നകം ജില്ലാ കളക്ടർമാർക്കാണ് പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകേണ്ടത്. 22ന് ജില്ലാ കളക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് കൈമാറും.

ജില്ലാതലത്തിൽ ജനപ്രതിനിധികളുടേയും എല്ലാ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഏകോപനം മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ചേരുന്ന യോഗങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, എൻ. ആർ. ഇ. ജി. എസ്, കുടുംബശ്രീ എന്നിവരെ കൂടി ഉൾപ്പെടുത്തണം.

ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ ചെലുത്തണം. അധ്യാപകർക്കും ജീവനക്കാർക്കും രണ്ടുഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്തണം. മുന്നൊരുക്ക പ്രവർത്തനങ്ങളിൽ വ്യാപൃതരാവേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കണം.

സ്കൂൾ തുറക്കുന്ന മുറക്ക് ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതുണ്ട്. എക്സൈസ് സ്ക്വാഡ് പ്രവർത്തനങ്ങൾ ഇതിനായി വിപുലപ്പെടുത്തണം. കുട്ടികളുമായി ബന്ധപ്പെട്ട മെഡിക്കൽ എമർജൻസികൾ അഭിസംബോധന ചെയ്യുന്നതിന് ആരോഗ്യമേഖലയിൽ പ്രത്യേക സംവിധാനമൊരുക്കണം.

സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് എഫ് സി ഐ യിൽ നിന്നും അരി ലിഫ്റ്റ് ചെയ്യുന്നതിനുള്ള അനുമതി കളക്ടർമാർ നൽകേണ്ടതാണ്. കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതുണ്ട്.

അന്യദേശ തൊഴിലാളികളുടെ കുട്ടികൾ ധാരാളമായി പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. അവരുടെ സെറ്റിൽമെന്റുകളിൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാ നിർദ്ദേശം നൽകണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, നിർമ്മാണപ്രവർത്തനങ്ങളാലോ,ഫിറ്റ്നസ് ലഭിക്കാത്തതുകൊണ്ടോ പ്രവർത്തിക്കാൻ കഴിയാത്ത സ്കൂളുകൾ എന്നിവിടങ്ങളിൽ ബദൽ സംവിധാനത്തെ പറ്റി കാര്യമായി ആലോചിക്കണം. ആഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here