ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ പ്രതിഷേധം ശക്തം; വിമ‍ർശിച്ച് ബംഗാളും പഞ്ചാബും

ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര സർക്കാർ നടപടി സംസ്ഥാനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും പശ്ചിമ ബംഗാളും വിമർശിച്ചു. 3 സംസ്ഥാനങ്ങളിൽ ദൂരപരിധി പതിന‍ഞ്ചില്‍ നിന്ന് അൻപത് കിലോമീറ്ററാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ദൂരപരിധി കുറയ്ക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കേന്ദ്ര സർക്കാർ കടന്ന് കയറ്റം നടത്തുകയാണ് എന്നതാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണം.

ബിഎസ്എഫിന്‍റെ പ്രവര്‍ത്തന സൗകര്യം വര്‍ധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയാനുമാണ് നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിശദീകരണം. ദൂര പരിധി വ്യാപിപ്പിച്ച സാഹചര്യത്തില്‍ ബിഎസ്എഫിന് പഞ്ചാബ്, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ 50 കിലോമീറ്റ‌ർ പ്രദേശത്ത് റെയ്ഡ് നടത്തുന്നതിനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഉണ്ടാകും. ഇത് വരെ 15 കിലോമീറ്റർ ആയിരുന്നു ബിഎസ്എഫ് അധികാര പരിധി. ഇതാണ് 35 കിലോമീറ്റർ കൂടി വ്യാപിപ്പിച്ചത്.

നടപടിക്കെതിരെ പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ വിമർശനമുയർത്തി. കേന്ദ്ര സേനകളിലൂടെ ഇടപെടല്‍ നടത്താനുള്ള ഉദ്ദേശമാണ് കേന്ദ്രസർക്കാരിനെന്ന് മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫിർഹാദ് ഹക്കീം കുറ്റപ്പെടുത്തി. നടപടി കേന്ദ്രആഭ്യന്തരമന്ത്രാലയം പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയും ആവശ്യപ്പെട്ടു. ദൂരപരിധി വ്യാപിപ്പിച്ചതോടെ പഞ്ചാബിന്‍റെ പകുതിയോളം സ്ഥലം ബിഎസ്എഫിന്‍റെ കീഴില്‍ ആയതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും വിമർശിച്ചു.

അതെ സമയം ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിലെ ബിഎസ്എഫ് അധികാര പരിധി വെട്ടിച്ചുരുക്കുകയാണ് കേന്ദ്ര സര്ക്കാര് ചെയ്തത്. ഇതിനെതിരെ രംഗത്ത് എത്തിയ രൺദീപ് സിംഗ് സുർജെവാല ബിഎസ്എഫ് വിഷയത്തിൽ കേന്ദ്രത്തിൻ്റെ നടപടി ഇരട്ടത്താപ്പ് ആണെന്നും ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News